സ്വന്തം ലേഖകൻ
തൃശൂർ : തൃശൂർ നഗരത്തിന്റെ മാലിന്യം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ലാലൂരിന്റെ മുഖച്ഛായ മാറുന്നു. കേരളത്തിന്റെ കായിക ഭൂപടത്തിൽ ഇടം നേടാൻ ലാലൂർ മാറുകയാണ്. ഫുട്ബോൾ താരം ഐ.എം.വിജയന്റെ പേരിൽ ലാലൂരിൽ സ്ഥാപിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെയാണ് ലാലൂരിന്റെ ജാതകം തിരുത്തിക്കുറിക്കാൻ പോകുന്നത്.
ആദ്യഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം സ്വിമ്മിങ്ങ് പൂളും ഒരുങ്ങുന്നു. തൃശൂർ കോർപറേഷന്റെ കീഴിലുള്ള ലാലൂർ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് ഐ.എം വിജയന്റെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം ഒരുങ്ങുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന് പുറമേ ടെന്നീസ് കോർട്ട്, സ്വിമ്മിങ്ങ് പൂൾ, ഹോക്കി സ്റ്റഡിയം, പവലിയൻ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒരുങ്ങുന്നത്.
സംസ്ഥാന സ്പോർട്സ് വകുപ്പിന് കൈമാറിയ ലാലൂർ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ 13.37 ഏക്കർ സ്ഥത്താണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും അനുബന്ധ സ്റ്റേഡിയങ്ങളും ഒരുങ്ങുന്നത്. കിറ്റ്കോയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 46 കോടി രൂപയാണ് സ്റ്റേഡിയ നിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന്റെ പൈലിങ്ങ് നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് നിർമാണ പ്രവർത്തികൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്വിമ്മിങ്ങ് പൂൾ, ടെന്നീസ് കോർട്ട് എന്നിവയാണ് ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഫുട്ബോൾ സ്റ്റേഡിയം, ഹോക്കി സ്റ്റേഡിയം, ടെന്നീസ് കോർട്ട് എന്നിവയും ഒരുക്കും. വാഹന പാർക്കിന് പ്രത്യേക സൗകര്യവും ഒരുക്കും. കിഫ്ബിയിൽ നിന്നാണ് സ്റ്റേഡിയ നിർമാണത്തിനുള്ള തുക ലഭ്യമാക്കിയിരിക്കുന്നത്. 2021 മാർച്ചിലാണ് നിർമാണ പ്രവൃത്തികൾ പൂർത്തിയാകുക.
മാലിന്യഭൂമിയായിരുന്ന ലാലൂരിൽ നിന്നുയർന്നിരുന്ന സമരകാഹളങ്ങൾക്കു പകരം വൈകാതെ ഇനി ഉയരുക കായികപ്രേമികളുടെ ഹർഷാരവങ്ങളായിരിക്കും.