കൊച്ചി: ഓറഞ്ച് ലൈൻ എന്ന പേരിൽ അറിയപ്പെടുന്ന അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി എക്സൈസ് പിടിയിലായ ഇതരസംസ്ഥാനക്കാരൻ ആള് ചില്ലറക്കാരനല്ലെന്ന് എക്സൈസ്. കൊച്ചിലെ സ്വകാര്യ റിസോട്ടുകളിൽ ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിലേക്കു വൻതോതിൽ മയക്കുമരുന്നുകൾ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാൾ, മുർഷിദബാദ് സ്വദേശി കരിം ഭായ് എന്ന് വിളിക്കുന്ന ലൽട്ടു ഷേക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി പിടിയിലായത്.ഇയാളുടെ പക്കൽനിന്ന് 14 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കൾക്കിടയിൽ ഓറഞ്ച് ലൈൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാർ ഏറെയാണത്രേ. രണ്ട് മില്ലി ഗ്രാം ബ്രൗണ്‍ ഷുഗറിന് 3000 രൂപയാണ് ഇടാക്കിയിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായി അധികൃതർ അറിയിച്ചു.
റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് പ്രതി മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. കോൽക്കത്തയ്ക്കു സമീപം സിയാൽദാ എന്ന സ്ഥലത്തുനിന്നു മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവന്നത്. കൊച്ചി പനന്പിള്ളി നഗറിലുള്ള ഇടനിലക്കാരന് മയക്ക് മരുന്ന് കൈമാറുന്നതിനായി ആലുവ മെട്രോ സ്റ്റേഷന് സമീപം നിൽക്കേയാണ് ഇയാൾ പിടിയിലായത്. പ്രതിയിൽനിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്ന ഇടനിലക്കാർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
ക്രിസ്മസ് – ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി മയക്ക് മരുന്ന് മാഫിയ സംഘങ്ങൾക്കെതിരേ അതീവ ജാഗ്രത പുലർത്തുന്നതിനായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിൽ ആലുവ റേഞ്ചിൽ രൂപികരിച്ചിട്ടുള്ള ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഷാഡോ സംഘത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഒരു മാസത്തിന് മുൻപ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കൊച്ചിയിലെ പല റിസോട്ടുകളും എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.കെ. ഷാജി, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രശാന്ത്, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.