മക്കളുടെ വിവാഹവും മറ്റും അത്യാഡംബരപൂര്‍വ്വം നടത്തിവരുന്ന സിനിമാപ്രവര്‍ത്തകര്‍ ലാലു അലക്‌സിനെ കണ്ടു പഠിക്കണം എന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നത്. ഇതിന്റെ കൂടെ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ അലക്‌സും വധു മീനുവും ചേര്‍ന്ന് രജിസ്റ്റര്‍ ഓഫീസില്‍ ഒപ്പിടുന്നതിന്റെ ചിത്രവും ഉണ്ട്. സമ്പന്നനും പ്രശസ്തനുമായ നടന്‍ തന്റെ മകന്റെ കല്ല്യാണം രജിസ്റ്റര്‍ ഓഫീസില്‍ വച്ചു വളരെ സിംപിളായി നടത്തിയതാണ് സോഷ്യല്‍ മീഡിയായെ ആവേശം കൊള്ളിച്ചത്. ലാലു അലക്‌സും കുടുംബവും മകന്റെ വധുവിന്റെ കുടുംബവുമായി നില്‍ക്കുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് അനേകം പേരാണ് ഇതു ഷെയര്‍ ചെയ്തത്. എന്നാല്‍ സത്യാവസ്ഥ ഇതൊന്നുമായിരുന്നില്ല.
ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന മലയാളി യുവതിയെ ആണ് ലാലു അലക്‌സിന്റെ മകന്‍ ബെന്‍ വിവാഹം കഴിക്കുന്നത്. ഫെബ്രുവരി രണ്ടിന് വിവാഹനിശ്ചയവും ഫെബ്രുവരി ആറിന് വിവാഹവും നടത്താനാണിരിക്കുന്നത്. എന്നിട്ടും രജിസ്റ്റര്‍ ഓഫീസില്‍ വച്ച് ഇവരുടെ വിവാഹം നടന്നതായി വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വം ഉള്ള പെണ്‍കുട്ടിയാണ് ബെന്‍ വിവാഹം കഴിക്കുന്ന മീനു. വിവാഹ ശേഷം യുകെയിലേക്ക് താമസം മാറ്റാന്‍ ആണ് ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന ബെന്നിന്റെ ആഗ്രഹം.
ബ്രിട്ടീഷ് പൗരത്വം ഉള്ള ഒരാള്‍ക്ക് ആശ്രിത വിസ കിട്ടണമെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് നിയമം ഉണ്ട്. പള്ളിയില്‍ വച്ചുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാരിനു വലിയ വിശ്വാസമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി വിവാഹ തട്ടിപ്പുകള്‍ പതിവായതിനാല്‍ വിസ നല്‍കണമെങ്കില്‍ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ബ്രിട്ടനിലെ നിയമം. വിവാഹം കഴിഞ്ഞു രജിസ്റ്റര്‍ ചെയ്യാന്‍ ഇരുന്നാല്‍ വീണ്ടും വൈകുമെന്നതിനാല്‍ വിവാഹത്തിനു മുന്‍പേ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു ലാലു അലക്‌സിന്റെ മകന്‍. ഇതിന് പിന്നാലെ ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള ആകര്‍ഷകമായ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഈ സത്യം അറിയാതെ സോഷ്യല്‍ മീഡിയയില്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ലാലു അലക്‌സിന്റെയും കിടങ്ങൂര്‍ കൈതവേലില്‍ സിറിലിന്റെയും മിനിയുടെയും മകള്‍ മിനുവിന്റെയും വിവാഹത്തെ അഭിനന്ദിച്ചു നിരവധി കഥകളും പ്രചരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു വലിയ ധൂര്‍ത്തൊഴിവാക്കി ലാലു അലക്‌സ് മാതൃകയായി എന്ന തരത്തിലുള്ള പ്രചാരണം സൈബര്‍ ലോകത്ത് ഉയര്‍ന്നത്. ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറപള്ളിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആറിനു പിറവം ഹോളി കിങ്‌സ് ക്‌നാനായ പള്ളിയില്‍ വിവാഹവും നടക്കും.
വിവാഹ ശേഷം പള്ളിയുടെ തന്നെ പാരിഷ് ഹാളില്‍ വിവാഹസല്‍ക്കാരവുമുണ്ടാകും. ചലച്ചിത്ര രാഷ്ടീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. സിനിമാ ലോകത്തെ ക്ഷണിച്ചു ഫെബ്രുവരി ആറിന് ആഘോഷമായി വിവാഹം നടത്തുമെന്ന് ലാലു അലക്‌സ് തന്നെ അറിയിക്കുകയും ചെയ്തു. ലാലു അലക്‌സിന്റെ മൂന്നു മക്കളില്‍ മൂത്തയാളായ ബെന്‍ ഇലക്ട്രോണിക് എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയശേഷം ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. ‘ഓര്‍ക്കുട്ട് ഒരോര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തില്‍ ബെന്‍ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മനോജും വിനോദും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ ഹെല്‍ത്ത് സയന്‍സസില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുകയാണു മിനു.