പാറ്റ്ന: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി പാറ്റ്നയിൽ ആർജെഡി നടത്തിയ മഹാറാലിയുടെ ചിത്രം ട്വിറ്ററിലിട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് നേരെ ട്രോൾമഴ. റാലിയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ തൃപ്തനാകാതെ ചിത്രത്തിൽ ചില്ലറ “ഫോട്ടോഷോപ്പ്’ നടത്തി മൈതാനത്തെ ജനസാഗരമാക്കാൻ ശ്രമിച്ചതാണ് വിനയായത്. ഫോട്ടോ കച്ചിത്തുരുമ്പാക്കി രാഷ്ട്രീയ എതിരാളികൾ അടക്കം വിശ്രമമില്ലാതെ ട്രോളുകയാണ്.
‘ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ അടിക്കുറിപ്പോടെ ലാലു ഇട്ട ചിത്രമാണ് പരിഹാസത്തിന് കാരണമായത്. മാധ്യമങ്ങൾ പുറത്തുവിട്ട യഥാർഥ ചിത്രത്തിൽ അങ്ങിങ്ങ് മൈതാനത്തിന്റെ പച്ചപ്പ് കാണാൻ സാധിക്കുമായിരുന്നു. എന്നാൽ മൈതാനത്തെ പച്ചപ്പ് പോലും കാണാനാകാത്ത വിധം ആളുകളെ പെരുപ്പിച്ചാണ് ലാലു ഫോട്ടോ ഇട്ടത്. ആളില്ലാതിരുന്ന ഇടത്തുപോലും എഡിറ്റിംഗ് നടത്തിയ ആളെ കുത്തിനിറയ്ക്കാൻ ശ്രമിച്ചത് ട്രോളന്മാർ കണ്ടെത്തിയതോടെ പരിഹാസം ഉയർന്നു.
ലാലുവിന്റെ ട്വിറ്റർ പോസ്റ്റിന് താഴെ ഇരുഫോട്ടോകളേയും താരതമ്യപ്പെടുത്തി പോസ്റ്റിട്ടതോടെ ഫോട്ടോഷോപ്പ് ദുരന്തം കൂടുതൽ പേർ അറിഞ്ഞു. “ആളുകൾ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നതായും’ “ജനങ്ങളെ പലഭാഗങ്ങളിൽ നിന്ന് മൈതാനത്തേക്ക് കോരിയിടുന്ന രീതിയിലുമെല്ലാം’ ചിത്രങ്ങൾ എത്തി. എന്തായാലും ആർജെഡി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ജെഡിയുവിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപി അലി അൻവറും ശരദ് യാദവുമെല്ലാം റാലിയിൽ പങ്കെടുത്തു. അതേസമയം, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരുടെ അസാന്നിധ്യം മഹാറാലിയുടെ മാറ്റു കുറച്ചു. സിപിഎം നേതാക്കളും റാലിയിൽ പങ്കെടുത്തില്ല.