പാട്ന: അഴിമതി ആരോപണത്തിൽ ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്. ഐആര്‍സിടിസിയുടെ ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ടാണ് കേസ്. ലാലുവിന് പുറമേ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. ഡൽഹി, പൂരി, റാഞ്ചി, പാട്ന, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് പരിശോധന.
2006ൽ റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കന്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസ്.അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് ടെൻഡർ അനുവദിച്ചതിന് പാരിതോഷികമായി ലാലു രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് ആരോപണം. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറില്‍ ഒപ്പിട്ടത്.
ഐആര്‍സിടിസി മുൻ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവരും കേസിൽ പ്രതികളാണ്.ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് കരാറിന് നല്‍കുകയായിരുന്നു.
ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുവിന് ലഭിച്ചതായാണ് പരാതി.കഴിഞ്ഞമാസം ലാലുവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതിയെ 1000 കോടി രൂപയുടെ ബിനാമി കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.