കല്യാണം കഴിക്കാതെ നടക്കുന്നവര്‍ക്ക് സ്വസ്ഥത കൊടുക്കാത്ത സമൂഹമാണ് നമ്മുടേത്. നൂറുകൂട്ടം ചോദ്യങ്ങളുമായി പലരും ബാച്ചിലര്‍മാരുടെ പിറകെ കൂടാറുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ആളുകള്‍ വെറുതെ വിടുന്നില്ല. പൊതുജനങ്ങളും രാഷ്ട്രീയ എതിരാളികളുമെല്ലാം ഇക്കാര്യം പറയാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് ഇപ്പോള്‍ രാഹുലിനോട് ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുന്നത്.
പ്രതിപക്ഷ ഐക്യസമ്മേളനത്തിനു ശേഷമായിരുന്നു ആ ചോദ്യം. ഇനിയും വൈകിയിട്ടില്ലെന്നും കല്യാണം കഴിക്കണമെന്നും രാഹുലിനോട് പറഞ്ഞ ലാലു, താടി വടിച്ചുകളയാനും നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടച്ചിരിക്കിടെ പറഞ്ഞു.
താങ്കള്‍ പറയുന്ന സാഹചര്യത്തില്‍ അത് നടക്കുമെന്നായിരുന്നു 53കാരനായ രാഹുലിന്റെ ചിരിയോടെയുള്ള പ്രതികരണം.
രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ ആവോളം പുകഴ്ത്തിയശേഷമാണ് ലാലു, ‘കല്യാണം കഴിക്കൂ, ഞങ്ങള്‍ക്ക് നിങ്ങളുടെ കല്യാണ ഘോഷയാത്രയില്‍ പങ്കെടുക്കണം’ എന്നു പറഞ്ഞത്.
‘കല്യാണം കഴിക്കാനാഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. നിങ്ങളുടെ അമ്മ പറഞ്ഞത് അവര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെന്നാണ്. അതിപ്പോള്‍ ഉറപ്പിക്കൂ. ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂ’ എന്നായിരുന്ന ലാലുവിന്റെ ഉപദേശം.