രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത മാസം 18ന് നടക്കാനിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരക്കിട്ട ചര്‍ച്ചയിലാണ്.
കഴിഞ്ഞ ദിവസം ഇതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു.
യോഗത്തില്‍ എല്ലാവര്ക്കും സ്വീകാര്യനായ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഏകദേശ ധാരണയായതായാണ് സൂചന.
ഭരണകക്ഷിയായ ബിജെപിയും പല കക്ഷികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് സജീവമാക്കിയിരിക്കുകയാണ്.
അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ബുധനാഴ്ച തുടക്കവുമായി. ഈ മാസം 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ആദ്യദിനം 11 പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുള്ളത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടുഗുഡയില്‍ താമസക്കാരനായ ഡോ. കെ പദ്മരാജനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മലയാളി.
തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് മൂന്നും മഹാരാഷ്ട്രയില്‍ നിന്ന് രണ്ടും പേരാണ് പത്രിക നല്‍കിയിട്ടുള്ളത്.
വേണ്ട രേഖകള്‍ നല്കാത്തതിനാല് ഒരു നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിക്കളഞ്ഞിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ലാലുപ്രസാദ് യാദവും ഉള്‍പ്പെടുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായ ലാലു പ്രസാദ് അല്ല ഈ ലാലു ബിഹാറിലെ മര്ഹാവ്റ സ്വദേശിയാണ് ഈ ലാലു.
ഇതുവരെ പത്രിക നല്‍കിയവരുടെ പട്ടിക ഇങ്ങനെ…
കെ പദ്മരാജന് ( തമിഴ്നാട്)
ജീവന് കുമാര്‍ മിത്തല്‍( ഡല്‍ഹി)
മുഹമ്മദ് എ ഹമീദ് പട്ടേല്‍ ( മഹാരാഷ്ട്ര)
സൈറ ബാനോ മുഹമ്മദ് പട്ടേല്‍ ( മഹാരാഷ്ട്ര)
ടി രമേഷ് ( നാമക്കല്‍)
ശ്യാം നന്ദന് പ്രസാദ് ( ബിഹാര്‍)
ദയാശങ്കര്‍ അഗര്‍വാള്‍ ( ഡല്‍ഹി)
ലാലുപ്രസാദ് യാദവ് ( ബിഹാര്‍)
എ മനിതന് ( തമിഴ്നാട്)
എം തിരുപ്പതി റെഡ്ഡി ( ആന്ധ്രപ്രദേശ്)
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 30ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്.
വോട്ടെടുപ്പ് ജൂലൈ 18 ന്. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ ജൂലൈ 21ന് നടക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും.