കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ മാര്‍ച്ച് പതിനേഴിന് ദേഹാസ്വസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാഞ്ചിയിലെ രാജേന്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദയാരോഗ്യ വിഭാഗത്തിനു കീഴിലാണ് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കിയത്.
മുഖത്ത് നീരുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ അന്ന് വ്യക്തമാക്കിയിരുന്നതും. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയ ലാലു വീണ്ടും അസ്വസ്ഥത പ്രകടപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ എയിംസില്‍ പ്രവേശിപ്പിക്കാനിരിക്കുകയാണെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു.
ഈ അവസരത്തിലാണ്, ലാലു പ്രസാദ് യാദവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ എന്ന അടിക്കുറിപ്പോടുകൂടി ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്‌സുമാര്‍ക്ക് നടുക്ക് ചിരിച്ചിരിക്കുന്ന ലാലുവിന്റെ ചിത്രമാണത്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലെല്ലാം ചിത്രം പ്രചരിക്കുന്നുണ്ട്. വന്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ചിത്രത്തിനുനേരെ ആളുകള്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നതും.