പട്ന: ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
പട്നയിലെ ഇഡി ഓഫീസിൽ വച്ചു നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛമായ വിലയ്ക്കു ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്. കഴിഞ്ഞ ദിവസം ഇതേ കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
മകൾ മിസാ ഭാരതിക്കൊപ്പമാണ് ലാലു ചോദ്യം ചെയ്യലിനു ഹാജരായത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാർ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് കുറ്റപ്പെടുത്തി. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെ ആർജെഡി പ്രവർത്തകർ ഇഡി ഓഫീസ് വളഞ്ഞു ലാലുവിനായി മുദ്രാവാക്യം മുഴക്കി.