ലംബോർഗിനി… കാറുകളുടെ രാജ്ഞിയായ ലംബോർഗിനിയെക്കുറിച്ചു സാധാരണ മലയാളികൾ ആകാംക്ഷയോടെ അന്വേഷിക്കാൻ തുടങ്ങിയത് നടി മല്ലിക സുകുമാരന്റെ ഇന്റർവ്യൂ കണ്ട ശേഷമാണ്.
മകൻ പൃഥ്വിരാജ് വാങ്ങിയ ലംബോർഗിനി കാറിനെക്കുറിച്ചു മല്ലിക സുകുമാരൻ നടത്തിയ വർണനകൾ വൈറലായെന്നു മാത്രമല്ല നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു.
അങ്ങനെ പടത്തിലും സിനിമയിലും കണ്ടിട്ടുള്ള അഞ്ചു കോടിയുടെ ലംബോർഗിനി അടക്കമുള്ള സൂപ്പർ കാറുകൾ കൺമുന്നിൽ ഘോഷയാത്ര നടത്തിയതു കണ്ടു വണ്ടറടിച്ചുപോയി കഴിഞ്ഞ ദിവസം കോട്ടയംകാർ.
കേരളത്തിൽ ആദ്യം ലംബോർഗിനി ഹുറാകാൻ വാങ്ങിയത് പൃഥ്വിരാജ് ആണ്. പിന്നീട് ലംബോർഗിനി സ്വന്തമാക്കിയ നിരയിൽ ഒരു കോട്ടയംകാരനുമുണ്ടെങ്കിലും ഇത്രയധികം കാർ രാജാക്കന്മാരെ ഒന്നിച്ചു കാണാനുള്ള ഭാഗ്യം കോട്ടയംകാർക്കു അധികം കിട്ടിയിട്ടില്ല.
ലംബോർഗിനി ഹുറാകാൻ മാത്രമല്ല… തെരുവുകളുടെ രാജാക്കന്മാരായ ലംബോർഗിനി അവെന്റഡോർ, ഫെരാരി, പോർഷെ 911, ഫോർഡ് മസ്റ്റാംഗ് ജിടി, നിസാൻ ജിടിആർ, ബെൻസ് തുടങ്ങിയ സൂപ്പർ കാറുകളാണ് കാണികൾക്കു വിരുന്നും വിസ്മയവുമായി മാറിയത്.
തെള്ളകത്ത് ആദാമിന്റെ ചായക്കട എന്ന റസ്റ്ററന്റിന്റെ പ്രമോഷൻ പ്രോഗ്രാമിനോടനുബന്ധിച്ചാണ് സൂപ്പർ കാർ 2020 എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഡംബര കാറുകൾ റാലി നടത്തിയത്.
കൊച്ചിയിൽനിന്നു തെള്ളകത്തേക്ക് മൂളിപ്പറന്ന് എത്തിയ ആഡംബര റാലി പിന്നീട് സിഎംഎസ് കോളജ് റോഡിലെ മറ്റൊരു റസ്റ്ററന്റിനു മുന്നിൽ നിരന്നതോടെയാണ് കോട്ടയം ഇളകിയത്.
തിരക്കേറിയ റോഡ് നിമിഷങ്ങൾക്കകം ജനസമുദ്രമായി. റോഡിലെ ആഗോള രാജാക്കന്മാർ 31 എണ്ണം നിരന്നു കിടക്കുന്നതു കണ്ടപ്പോൾ വാഹനങ്ങളിൽ പോയ പലരും ചാടിയിറങ്ങി. ഫാമിലിയായി നഗരത്തിലെത്തിയവരും ഒാടിയെത്തി.
പിന്നെ കാറിനു ചുറ്റും നടത്തം, തൊട്ടുനോക്കൽ, വീഡിയോ, സെൽഫി…ചിലർ കാറിലെത്തിയവരോടു കാറിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഉള്ളിലേക്ക് ഊളിയിട്ടു നോക്കി. ആളും ബഹളവും കൂടിയതോടെ ഗതാഗതം തടസപ്പെടാതിരിക്കാൻ പോലീസും രംഗത്തിറങ്ങി.
തിരക്കിനിടയിലൂടെ മൂളിപ്പറക്കുന്ന ലംബോർഗിനിയും പോർഷെയുമൊക്കെ കണ്ടു സ്ത്രീകളടക്കമുള്ള കാണികൾ ത്രില്ലടിച്ചു. ഇതിൽ ഹരംകൊണ്ടു നിൽക്കുന്നതിനിടയിലാണ് കാണികളെ വിസ്മയിപ്പിച്ചു ഹമ്മറിന്റെ രംഗപ്രവേശം.
ഒരു മണിക്കൂറോളം കഴിഞ്ഞു രാജാക്കന്മാർ ഒരോരുത്തരായി മൂളിപ്പറന്ന് അകന്നതോടെയാണ് കാറുകളുടെ വിശേഷങ്ങൾ പങ്കുവച്ചു കാണികളും പിരിഞ്ഞത്.