പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകകെട്ടിടത്തില് ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ കമിതാക്കള്‍ മരിച്ച സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
തന്നെ ചതിച്ചതാണെന്ന് യുവതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നു. ഇതിലെ ദുരൂഹതയുടെ പൊരുളറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്.
കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്.
തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും ചീമേനി മുണ്ടയിലെ താമസക്കാരനുമായ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരി സ്വദേശിനിയും പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ മരിച്ചത്. യുവതിയുടെ ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത്, എസ്ഐ മനോജ് കാനായി എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടി ഡോക്ടറില്‍നിന്നും അടുത്ത ദിവസം മൊഴിരേഖപ്പെടുത്തും. യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.
യുവതിയുടെ സഹപാഠികളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
നാലുവര്‍ഷമായി ശിവപ്രസാദും ആര്യയും പ്രണയത്തിലായിരുന്നതായി പോലീസ് അന്വേഷണത്തിൽ മനസിലായിട്ടുണ്ട്.
ഇരുവരും ഒന്നിച്ച് ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുത്തിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന്റെ കണ്ടെത്തല്‍.
ഇവരുടെ ആത്മഹത്യാശ്രമത്തിന് ആരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
അബോധാവസ്ഥയിലാകുന്നതിന് മുമ്പ് തന്നെ ചതിച്ചതാണെന്ന യുവതിയുടെ വാക്കുകൾ വിരല്‍ ചൂണ്ടുന്നതെങ്ങോട്ടാണെന്നുള്ള അന്വേഷണവും ഇതോടപ്പം നടക്കുന്നുണ്ട്.