കുത്തനെയുള്ള മലകൾ കയറുന്ന മൃഗങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ചില മൃഗങ്ങൾക്ക് ഇതിന് സാധിക്കില്ല. അടുത്തിടെ ഒരു ആട്ടിൻകുട്ടി പഴയ ഒരു ഭീമൻ ടവറിന് മുകളിൽ കയറി തിരിച്ച് ഇറങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള 100 അടി ടവറിന്റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. ആടിന് പരിക്കേറ്റതായും മൂന്ന് ദിവസത്തോളം മുകളിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആട്ടിൻകുട്ടിക്ക് ഒമ്പത് മാസം പ്രായമുണ്ടെന്നാണ് കരുതുന്നത്.
എന്നാൽ ഇത്രയും ഉയരത്തിലുള്ള ടവറിൽ ഈ ആട്ടിൻകുട്ടി എങ്ങനെ കയറിയതെന്നതാണ് രക്ഷാപ്രവർത്തകരെ അത്ഭുതപ്പെടുത്തുന്ന കാര്യം. ഈ ആട്ടിൻകുട്ടിയുടെ കാലിൽ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചൂ എന്നത് അജ്ഞാതമാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാണിച്ചു.
നാട്ടുകാരാണ് ആട്ടിൻകുട്ടിയെ ആദ്യം കണ്ടത്. എന്നാൽ കുടുങ്ങിപ്പോയ ആട്ടിൻകുട്ടിയെ താഴെയിറക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ ഐറിഷ് സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (ISPCA) യുമായി ബന്ധപ്പെടുകയായിരുന്നു. പിന്നാലെ അവർ സ്ഥലത്തെത്തി ആട്ടിൻകുട്ടിയെ രക്ഷിക്കുകയായിരുന്നു.
രക്ഷാപ്രവർത്തക സംഘത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് അനുസരിച്ച് ഇത് ഒരു പെൺ ആടാണ്. ഐവി എന്ന് പേരിട്ടിരിക്കുന്ന ആട്ടിൻകുട്ടി നിലവിൽ ഐഎസ്പിസിഎയുടെ റാമെൽട്ടണിനടുത്തുള്ള അനിമൽ റീഹാബിലിറ്റേഷൻ സെന്ററിലാണെന്നും പോസ്റ്റിൽ പറയുന്നു. കാലിലെ പരിക്ക് മാറി സുഖം പ്രാപിക്കുന്നതുവരെ ആട്ടിൻകുട്ടി ആറാഴ്ച നിരീക്ഷണത്തിലായിരിക്കും. ടവറിന് മുകളിൽ എത്തിയതെങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന.