സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് പരിശോധനയ്ക്ക് അനുമതി ലഭിച്ച ജില്ലയിലെ പല സ്വകാര്യ മെഡിക്കൽ ലാബുകളും പരിശോധനക്കെത്തിയവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെ ടെസ്റ്റുകൾ നടത്തിയതിനെതിരെ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും രംഗത്ത്.
ഇത്തര്ത്തിൽ കൃത്യമായ വിവരശേഖരണം നടത്താതെ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കോവിഡ് ടെസ്റ്റ് ലൈസൻസ് റദ്ദാക്കാൻ ജില്ല കളക്ടർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ആരോഗ്യവകുപ്പിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
ജില്ലയിലെ ലാബുകളിൽ ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച പരിശോധനകളും നടപടികളും ആരംഭിച്ചു. ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയ ലാബുകളിൽ ചിലത് അടച്ചിടാൻ നിർദ്ദേശം നൽകുമെന്നാണ് സൂചന.
കോവിഡ് പോസിറ്റീവ് രോഗികളെ സംബന്ധിച്ച് മേൽവിലാസമടക്കം ശരിയായ വിവരങ്ങൾ ശേഖരിക്കാതെയാണ് പല ലാബുകളും ടെസ്റ്റുകൾ നടത്തിയിരിക്കുന്നത്. രജിസ്റ്ററിൽ പേരും സ്ഥലവും മാത്രമാണ് പലയിടത്തും രേഖപ്പെടുത്തിയത്.
ചില ലാബുകളിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയ മൊബൈൽ നന്പറുകൾക്ക് പന്ത്രണ്ട് അക്കം വരെയുണ്ട്!!
പരിശോധനക്കെത്തിയവർ സ്വന്തം ഐഡിന്റിറ്റി മറച്ചുവെച്ച് തെറ്റായ മേൽവിലാസങ്ങളും ഫോണ് നന്പറുകളും നൽകിയതായും സൂചനകളുണ്ട്.
ഇവരുടെ തിരിച്ചറിയൽ കാർഡോ മറ്റു രേഖകളോ പരിശോധിക്കാതെ ടെസ്റ്റ് നടത്താൻ സ്വകാര്യ മെഡിക്കൽ ലാബുകൾ തയ്യാറായതാണ് ഈ പിഴവിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സർട്ടിഫൈഡ് വോട്ടർ പട്ടിക തയ്യാറാക്കുന്പോഴാണ് പല മേൽവിലാസങ്ങളും പൂർണമല്ലെന്നും വ്യാജമാണെന്നും ഫോണ് നന്പറുകൾ ശരിയല്ലെന്നും കണ്ടെത്തിയത്.
ഇതെതുടർന്ന് നടത്തിയ പരിശോധനകളിലാണ് സ്വകാര്യ ലാബുകളിൽ നടന്ന ഗുരുതരമായ പിഴവ് മനസിലായത്.
കോവിഡ് പോസിറ്റീവ് വ്യക്തികളെ സംബന്ധിച്ച് ലാബുകൾ ശരിയായ വിവരശേഖരണം നടത്താത്തത് മൂലം ഇവർ ഉൾക്കൊള്ളുന്ന സർട്ടിഫൈഡ് വോട്ടർ പട്ടിക തയാറാക്കാനാകാത്ത സാഹചര്യത്തിലാണ് കളക്ടർ എസ്.ഷാനവാസ് ഇത്തരം പിഴവു സംഭവിച്ച സ്വകാര്യ മെഡിക്കൽ ലാബറട്ടറികളുടെ ലൈസൻസ് റദ്ദാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്.
സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ അനുവദിക്കുന്നതിനായി സർട്ടിഫൈഡ് വോട്ടർ പട്ടിക തയാറാക്കുന്ന ഘട്ടത്തിലാണ് സ്വകാര്യ ലാബറട്ടറികളുടെ വീഴ്ച ശ്രദ്ധയിൽ പെട്ടത്.
ലാബറട്ടറികൾ പരിശോധന നടത്തുന്നതിനായി മേൽവിലാസം ശേഖരിക്കുന്പോൾ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടാതിരുന്നത് മൂലം പലരുടെയും വ്യാജ മേൽവിലാസങ്ങളാണ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർട്ടിഫൈഡ് വോട്ടർ പട്ടിക തയാറാക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഈ വിലാസങ്ങൾ വ്യാജമാണെന്ന് മനസിലായത്.
കോവിഡ് രോഗികളുടെ ശരിയായ മേൽവിലാസമടക്കം വിവരങ്ങൾ ശേഖരിക്കുന്നതിൽ വരുത്തിയ വീഴ്ച്ച ലൈസൻസ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്ന് കളക്ടർ ചൂണ്ടിക്കാട്ടി.