തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്.അയ്യർക്കെതിരേ വീണ്ടും അന്വേഷണത്തിനു റവന്യൂമന്ത്രിയുടെ നിർദേശം. കോട്ടൂരിൽ ഭൂമി പതിച്ചു നൽകിയതിൽ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ലാൻഡ് റവന്യൂ കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
കോട്ടൂരിൽ ഭൂമി പതിച്ചുനൽകിയ സബ് കളക്ടർ ദിവ്യ എസ്.അയ്യരുടെ തീരുമാനത്തിനെതിരേ കുറ്റിച്ചൽ പഞ്ചായത്ത് ഭരണസമിതിയാണ് റവന്യൂമന്ത്രിക്ക് പരാതി നൽകിയത്. കോട്ടൂർ അഫ്സൽ മൻസിലിൽ നസീറിനാണ് ന്യായവില ഈടാക്കി ഭൂമി പതിച്ചുനൽകിയത്. ഈയാവശ്യം ഉന്നയിച്ച് നസീർ 1993ൽ തന്നെ അപേക്ഷ നൽകിയിരുന്നു.
അന്നത്തെ പഞ്ചായത്ത് ഭരണസമിതി വില ഈടാക്കി ഈ ഭൂമി പതിച്ചുനൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ റവന്യൂ വകുപ്പ് ആദ്യം ഇതിനെ എതിർത്തു.2013ൽ ലാൻഡ് റവന്യൂ കമ്മിഷണർ അപേക്ഷ പരിശോധിച്ച് തെളിവെടുപ്പ് നടത്തി തീരുമാനമെടുക്കാൻ സബ് കളക്ടർക്ക് നിർദേശം നൽകി.
എങ്കിലും റവന്യൂ വകുപ്പിൽനിന്നുള്ള റിപ്പോർട്ട് അനുകൂലമല്ലാത്തതിനാൽ തീരുമാനം ഉണ്ടായില്ല. ഈ സ്ഥലം ദിവ്യ എസ്.അയ്യർ ന്യായവില ഈടാക്കി പതിച്ചുനൽകാൻ ഉത്തരവിട്ടതാണ് പരാതിക്കിടയാക്കിയത്.
നേരത്തെ, വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സംഭവത്തിലും ദിവ്യ എസ്. അയ്യർക്കെതിരേ മന്ത്രി അന്വേഷണത്തിനു നിർദേശം നൽകിയിരുന്നു. വി. ജോയി എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ പരിചയക്കുറവു കൊണ്ടാകാം സബ് കളക്ടർക്കു തെറ്റുപറ്റിയതെന്നാണു ലാൻഡ് റവന്യു കമ്മീഷണർ റവന്യു മന്ത്രിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.