കുളത്തൂപ്പുഴയില്‍ വീട്ടുമുറ്റത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലം രാത്രി വന്‍ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നു. ശബ്ദം കേട്ട് ഭൂകമ്പമാണെന്ന് വിചാരിച്ച് പേടിച്ച് വീട്ടുകാരും സമീപവാസികളും പുറത്തേക്കിറങ്ങി ഓടുകയും ചെയ്തു.
കഴിഞ്ഞദിവസം രാത്രി പത്തിന് ഇഎസ്എം കോളനി സിലോണ്‍ മുക്ക് ഇനായത്തില്‍ ഷൈലജയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം.
കുഴിയില്‍പ്പെട്ട സ്‌കൂട്ടര്‍ നാട്ടുകാര്‍ കെട്ടിവലിച്ചു പുറത്തെടുത്തു. കെഎംജെ സ്‌കൂള്‍ ജീവനക്കാരിയായ ഷൈലജയും മകള്‍ ആഷിമയും മാതാവ് ഫാത്തിലയും അമ്മൂമ്മ ഖദീജ ഉമ്മാളും മാത്രമായിരുന്നു വീട്ടില്‍.
സംഭവത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞദിവസം വൈകിട്ടു തുടങ്ങിയ ശക്തമായ മഴ രാത്രി വൈകുവോളം തുടര്‍ന്നിരുന്നു. വീടിന്റെ മുന്‍ഭാഗത്ത് ഷീറ്റ് മേഞ്ഞ പാര്‍ക്കിങ് സ്ഥലമാണ് കിണറിന്റെ ആകൃതിയില്‍ ഇടിഞ്ഞു താഴ്ന്നത്.
സംഭവസ്ഥലത്ത് മുന്‍പു കുഴിയെടുത്തിരുന്നതു മൂടിയിരുന്നതായി ആര്‍ക്കും അറിവില്ല. ഇടിഞ്ഞു താഴ്ന്ന സ്ഥലത്തിനു സമീപത്തേക്കും വിള്ളല്‍ ശക്തമായതോടെ വീട്ടുകാരും സമീപവാസികളും ആശങ്കയിലായിരിക്കുകയാണ്.