തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള 25 പോലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിനു പിന്നാലെ മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30 പൊലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നു.
ഡിവൈഎസ്പിമാര്‍ മുതൽ സിവില്‍ ഓഫീസര്മാര്വരെയുള്ളവരാണ് ഈ ലിസ്റ്റിലുള്ളത്. ഉദ്യോഗസ്ഥരുടെ വസ്തു ഇടപാടുകള്‍, സാമ്പത്തിക ഇടപാടുകള്‍, ചെലവ് രീതികള്‍ എന്നിവയും വിജിലന്‍സ് പരിശോധിക്കും.
കൂടാതെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പോലീസ് ആസ്ഥാനത്തെ എന്‍ ആര് ഐ സെല്‍ എസ്പിയുടെ നേതൃത്വത്തില്‍ തയാറാക്കുകയാണ്.
അതേസമയം മണ്ണ് മാഫിയയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളെപ്പറ്റി ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
മണ്ണ് മാഫിയ ബന്ധമുള്ള പോലീസുകാരെപ്പറ്റി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം.
വിജിലന്‍സിന്റെ വിവിധ യൂണിറ്റുകളാണ് അന്വേഷിക്കുന്നത്. 30 പേരുടെ ലിസ്റ്റിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.