അതിജീവനത്തിന്റെ സന്പൂർണ ഉദാഹരണമായ ക്ലാസിക് മോഡലുകളുടെ വാഹനനിരയുമായി പശ്ചിമബംഗാളിലെ ഉൾനാടൻ ഗ്രാമത്തിലേക്ക് സന്ദർശനം നടത്തി 70-ാം വാർഷികാഘോഷം ലാൻഡ് റോവർ ഗംഭീരമാക്കി.
ഹിമാലയത്തിനുള്ളിലെ വിദൂര പ്രദേശമായ ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നറിയപ്പെടുന്ന ഈ ഗ്രാമത്തിൽ അതിസൂക്ഷ്മതയോടെ അറ്റകുറ്റപ്പണി നടത്തി പരിപാലിക്കുന്ന 1957 മുതലുള്ള ലാൻഡ് റോവർ സീരീസ് വാഹനനിരയാണുള്ളത്.
കണക്കുകൾപ്രകാരം വിന്റേജ് ടൈപ്പ് ലാൻഡ് റോവർ ഓഫ് റോഡ് 4 വീൽ ഡ്രൈവ് വാഹനങ്ങൾ ഇവിടെ 40 എണ്ണമുണ്ട്. ഇവിടത്തെ പ്രധാന യാത്രാമാർഗവും ഈ ലാൻഡ് റോവറുകൾതന്നെ.
ഇന്ത്യയിലെ പശ്ചിമബംഗാളിലെ മാനിഭജംഗിൽനിന്ന് സന്ദക്ഫൂവിലേക്ക് ഉപജീവനത്തിനായി പ്രദേശവാസികൾ സാധാരണ നടത്തുന്ന ഗംഭീരമായ 31 കിലോമീറ്റർ യാത്രയെക്കുറിച്ചുള്ള ചിത്രം ലാൻഡ് റോവർ പുറത്തിറക്കിയിട്ടുണ്ട്. ഉയർന്ന ചെരിവുകൾ, പാറക്കൂട്ടങ്ങൾ ചിതറിക്കിടക്കുന്ന പോണി ട്രാക്കുകൾ, വിശ്വസിക്കാനാകാത്ത കാലാവസ്ഥ എന്നിവ തരണം ചെയ്താണ് യാത്ര.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3636 മീറ്റർ ഉയരത്തിലുള്ള ഗ്രാമമാണ് സന്ദക്ഫൂ. 1948ൽ ആംസ്റ്റർഡാം മോട്ടോർ ഷോയിൽ യഥാർഥ ലാൻഡ് റോവർ ആദ്യ വാഹനം പുറത്തിറക്കിയതിന് 70 വർഷം തികയുകയാണ്.
പ്രത്യേക സംപ്രേഷണം, ചരിത്രം തിരുത്തിക്കുറിക്കുന്ന വാഹന റാലി, ലണ്ടൻ ഡിസൈൻ മ്യൂസിയത്തിലെ പ്രദർശനം എന്നിവടയക്കം ഈ വർഷമുടനീളം വിവിധ ആഘോഷങ്ങളിലൂടെയാണ് ലാൻഡ് റോവർ ഈ നാഴികക്കല്ല് പിന്നിടുന്നത്.