കൽപ്പറ്റ: വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വിജയൻ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി ജില്ലാ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജൻ എംഎൽഎയ്ക്ക് പകരം ചുമതല നൽകി.
ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, ഡെപ്യൂട്ടി കളക്ടർ എന്നിവർക്കു ഭൂമിയിടപാടിൽ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വയനാട്ടിലെ ഭൂമിവിവാദം സിപിഐക്കു കനത്ത ക്ഷീണമാണ് വരുത്തിവച്ചിരിക്കുന്നത്. വിഷയം പ്രതിപക്ഷവും ഏറ്റെടുത്തതോടെ പാർട്ടി സമ്മർദത്തിലുമായി. ഈ ഒരു പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വിജയൻ ചെറുകരയെ മാറ്റിയത്.