കോട്ടയം: വസ്തു ഇടപാടില്‍ ഇടനില നിന്നവര്‍ 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തലയോലപറമ്പ് അരയത്തേല്‍ ആല്വിന് ജോര്‍ജിനെ കബളിപ്പിച്ചാണ് ഇടനിലക്കാര്‍ 13.5 ലക്ഷം രൂപ തട്ടിയെടുത്തത്. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം 1.5 ഏക്കര്‍ സ്ഥലം സെന്റിന് ഏഴു ലക്ഷം രൂപ നിരക്കിൽ വാങ്ങി നല്‍കാമെന്നും ഇതിന്റെ ടോക്കണായി 13.5 ലക്ഷം രൂപ വേണമെന്ന് ഇടനിലക്കാരായ തലയോലപറമ്പ് സ്വദേശി ലിബിന് പോള്‍, ഏറ്റുമാനൂര്‍ സ്വദേശി രാജേഷ്, മുട്ടുചിറ സ്വദേശി ബേബിച്ചന് എന്നിവര്‍ ആവശ്യപ്പെട്ടു.
ഈ തുക ഇവര്‍ക്ക് പലപ്പോഴായി ആല്വിന് നല്കി. കരാര്‍ പ്രകാരം സ്ഥല ഉടമയുടെ പേരില്‍ 87.5 ലക്ഷം രൂപയും ബാങ്ക് മുഖേന ആല്വിന് നല്കി.
സ്ഥല ഉടമയ്ക്ക് സെന്റിന് 5.5 ലക്ഷം രൂപ നല്‍കാമെന്നാണ് ഇടനിലക്കാര്‍ പറഞ്ഞിരുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സെന്റിന് ഏഴുലക്ഷം വിലയായി കാണിക്കണമെന്ന് ആല്വിന് ആവശ്യപ്പെട്ടു.
സ്ഥല ഉടമ ഇക്കാര്യം അംഗീകരിച്ചില്ല. ഇതോടെ സ്ഥലവില്പനയില് നിന്ന് ആല്‍വിനും സ്ഥല ഉടമയും പിന്മാറി. സ്ഥല ഉടമ വാങ്ങിയ 87.5 ലക്ഷം രൂപ ആല്വിന് മടക്കി നല്കി. എന്നാല്‍ ടോക്കണായി നല്കിയ 13.5 ലക്ഷം രൂപ ഇടനിലക്കാര്‍ തിരിച്ചുനല്കിയില്ലെന്നാണ് ആല്‍വിന്റെ പരാതി.