നാദാപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവെന്ന് പറഞ്ഞ് വളയം മഞ്ഞപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. വളയം പഞ്ചായത്തിലെ മഞ്ഞപ്പള്ളിയിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മൈതാനമാണ് ഒരു സംഘം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായി കമ്മ്യൂണിറ്റി റിക്രിയേഷന്‍ സെന്റര്‍ ആട്സ് സ്പോര്‍ട്സ് ആൻഡ് ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.അനൂപ്കുമാര്‍ വളയം പോലീസില്‍ പരാതി നല്‍കിയത്. ആയഞ്ചേരി കോവിലകവും മൈതാനത്തിന്റെ ഇരുഭാഗത്തും സ്ഥലം ഉള്ള തയ്യില്‍ കുടുംബവും കടയങ്കോട്ട് കുടുംബവും തമ്മില്‍ ഉടമസ്ഥാവകാശത്തെ ചൊല്ലി കേസ് നിലനില്‍ക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി ഈ സ്ഥലം ആരുടെയും കൈവശത്തിലല്ല. വ്യാഴാഴ്ച്ച രാവിലെയാണ് ഈ സ്ഥലം വില്‍പ്പന നടത്താനുളള ശ്രമവുമായി മൂന്നംഗ സംഘമെത്തിയത്. സംഭവമറിഞ്ഞ് നാട്ടുകാരുമായി ഇവര്‍ വാക്കേറ്റത്തിലായി. ഇതിനിടയിലാണ് മൂന്നംഗ സംഘത്തിലെ ഒരാള്‍ ഫോണില്‍ മറ്റൊരാളെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഫോണ്‍ നാട്ടുകാരിലെരാള്ക്ക് കൈമാറി.
നാട്ടുകാരനായ ആളോട് ഫോണിലൂടെ സംസാരിച്ചയാള്‍ ‘താന്‍ പിണറായി സ്വദേശിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ മകനാണെന്നും എന്ത് എതിര്പ്പുണ്ടായലും ഭൂമി വില്‍ക്കുമെന്നും’ പറഞ്ഞത്. മഞ്ഞപ്പള്ളി സ്വദേശിയായ വി.പി.സജീവന് എന്നയാളെ ഫോണില്‍ മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് പറഞ്ഞയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
ഇതേ വിഷയത്തില്‍ തന്നെ സമീപത്തെ മറ്റൊരു വീട്ടിലും എത്തി ഇതേ സംഘം മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഭൂമി ഇടപാടിനെ പറ്റി സംസാരിച്ചതായും പരാതിയിലുണ്ട്. റിയല്‍ എസ്റ്റേറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത ആളെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് പോലീസില്‍ നല്കിയ പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുവാണെന്ന് പറഞ്ഞ് വിളിച്ചയാളുടെ ഫോണ്‍ നമ്പറും ഇവര്‍ പോലീസില്‍ നല്‍കിയിട്ടുണ്ട്.