മുക്കം: കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് പ്രവർത്തിക്കുന്ന ക്വാറിയുടെ ഉടമ ആദിവാസി വയോധികന്റെ 2.66 ഏക്കർ ഭൂമി തട്ടിയെടുത്തതായി ആരോപണം. ഇതേത്തുടർന്ന് ആദിവാസി കുടുംബം ഭൂരഹിതരായി പെരുവഴിയിലാണ് ഇപ്പോൾ കഴിയുന്നത്. തോട്ടക്കാട് പൈക്കാടൻ മലയിലെ മുതുവ വിഭാഗത്തിൽ പെടുന്ന കോരസ്വാമിയും കുടുംബമാണ് ഭൂമി തട്ടിയെടുത്തത് മൂലം താമസിക്കാൻ വീടോ ഭൂമിയോ ഇല്ലാതെ ബന്ധുക്കളുടെ വീടുകളിൽ കഴിയുന്നത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോട്ടക്കാട് പൈക്കാടൻ മലയിലുണ്ടായിരുന്ന കോരസ്വാമിയുടെ 2.66 ഏക്കർ ഭൂമി തൊട്ടടുത്തുള്ള സ്വകാര്യ കരിങ്കൽ ക്വാറി ഉടമ ക്വാറിയുടെ വ്യാപ്തി വികസിപ്പിക്കാൻ തുച്ഛമായ വിലയ്ക്ക് വാങ്ങുകയായിരുന്നു. ഇതിന് പകരമായി കോരസ്വാമിക്ക് രണ്ട് ഏക്കർ ഭൂമി മലപ്പുറം ജില്ലയോട് അതിർത്തി പങ്കിടുന്ന വനപ്രദേശമായ കൂനൂർകണ്ടി ഭാഗത്ത് നൽകുകയും ചെയ്തു.
എന്നാൽ വനത്തോട് ചേർന്ന സ്ഥലമാണെന്ന കാര്യം മറച്ചുവച്ചാണ് മുതുവ വിഭാഗത്തിൽ പെടുന്ന പിന്നോക്ക വിഭാഗമായ കോരസ്വാമിക്ക് കൈമാറ്റ പ്രമാണങ്ങൾ നൽകിയത്. കോരസ്വാമിക്ക് ലഭിച്ച സ്ഥലം വനഭൂമി ആയതിനാൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പിന്നീട് സ്ഥലത്ത് ജണ്ടകെട്ടി അതിർത്തി നിർണയിച്ചതോടെ കുടുംബം വഴിയാധാരം ആവുകയായിരുന്നു. നിവർത്തിയില്ലാത്തതിനാൽ മലയിറങ്ങി തോട്ടക്കാട്ടെ ബന്ധു വീടുകളിലാണ് കോരസ്വാമിയും കുടുംബവും താമസിക്കുന്നത്.
ഇപ്പോൾ തോട്ടക്കാട്ടെ സഹോദരിയുടെ വീട്ടിലാണ് രണ്ട് മക്കളോടെ കഴിയുന്നത്. കോരസ്വാമിയുടെ ഭാര്യ നേരത്തെ മരിച്ചു. മൂന്ന് കുട്ടികളുണ്ട്. നിലവിൽ കോരസ്വാമിയുടെ ഭൂമിക്ക് സെന്റിന് ഒരു ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇപ്രകാരം ഭൂമിക്ക് രണ്ട് കോടിയോളം രൂപയുടെ മൂല്യമുണ്ട്. എന്നാൽ നിയമപരമായ രീതിയിലാണ് കോരസ്വാമിയോട് രണ്ട് ഏക്കർ ഭൂമി വാങ്ങിയതെന്നാണ് ക്വാറി ഉടമ അവകാശപ്പെടുന്നത്. അന്നത്തെ ജില്ല കളക്ടറുടെ അനുമതിയോടെയാണ് ഭൂമി കൈമാറ്റ നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.
എന്നാൽ 1999 ലെ ആദിവാസി ഭൂ പരിഷ്ക്കരണ നിയമ ഭേതഗതി ലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നും റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്താണെന്നും ആക്ഷേപമുണ്ട്.