മണ്ണാർക്കാട്: തെങ്കര ആന്പാടത്ത് കോളനിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോളനിവാസികൾ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി.കോളനിയിലെ സതീദേവി, ബിന്ദു, നീലി, ലക്ഷ്മി, അമ്മു അടക്കം ആറോളം പേർ ചേർന്നാണ് തങ്ങളുടെ കൈവശമുള്ള രേഖ പ്രകാരമുള്ള ഭൂമി അളന്ന് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരിക്കുന്നത്.
വില്ലേജ് ഓഫീസർ വന്ന് സ്ഥലം പരിശോധിക്കാകയും ഇവിടെ താലൂക്ക് സർവ്വേയറെ കൊണ്ട് അളക്കുന്നതിനുവേണ്ട അപേക്ഷ നൽകുമെന്ന് വില്ലേജ് ഓഫീസർ, വാർഡ് മെന്പർ സൂര്യ രതീഷ്ബാബുവിന് ഉറപ്പ് നൽകിയതായി കോളനിക്കാർ പറഞ്ഞു.
ഗുണഭോക്താക്കൾ സ്ഥലം കണ്ടെത്തി ആ സ്ഥലം എസ്ടി പ്രമോട്ടർ വന്ന് പരിശോധിച്ച ശേഷം എസ്സിഡിഒവിന് അറിയിച്ച് അവർ വില്ലേജ് ഓഫീസറെ കൊണ്ട് സ്ഥലം അളന്ന് ഗുണഭോക്തവിന്റെ പേരിൽ നികുതി അടച്ചു വേണം സ്ഥലത്തിനു വേണ്ട ഫണ്ട് പാസാക്കാൻ, എന്നാൽ അത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
തെങ്കരയിൽ സർക്കാർ പദ്ധതിയുടെ മറവിൽ ആന്പാടത്ത്, കൊറ്റിയോട്, കുട്ടിച്ചാത്തൻ പള്ളിയേൽ എന്നി കോളനികളിൽ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.പട്ടികജാതിക്കാർക്ക് സർക്കാർ പദ്ധതിയിൽ അനുവദിച്ച ഭൂമി വിൽപന നടത്തിയതിൽ വൻ ക്രമക്കേടുണ്ടെന്ന പരാതിയിൽ മണ്ണാർക്കാട് പോലിസിൽ രണ്ട് കേസുകളും കഴിഞ്ഞ ദിവസങ്ങളിൽ എടുത്തിരുന്നു.
തുടർന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വിഎ കൃഷ്ണദാസും സംഘവും കോളനിയിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ആന്പാടത്ത് കോളനിയിലെത്തിയ ഡിവൈഎസ്പിയും സംഘവും 10 പേരിൽ നിന്നും മോഴിയെടുത്തിരുന്നു.
ഒരേ സ്ഥലം പലർക്കായി നൽകിയതായും കെഎൽയു ഇല്ലാത്ത സ്ഥലം വിൽപന നടത്തിയതായും കോളനി നിവാസികൾ നൽകിയ മൊഴിയിൽ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.ഈ കേസിൽ മുൻ ഗ്രാമപഞ്ചായത്തഗവുമായിരുന്ന കെ.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോളനിയിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നേരത്തെ പറഞ്ഞിരുന്നു.ഒരാളുടെ സ്ഥലം കൈവശം വെച്ചിരിക്കുന്നത് മറ്റൊരാളാണ്. ഒരു സ്ഥലത്തിന് രണ്ട് പേരാണ് നികുതി അടക്കുന്നത്.
കൂടാതെ പണി പൂർത്തിയാകാത്തതുംഫൗണ്ടേഷൻ മാത്രം ഇട്ടതുമായ സ്ഥലങ്ങൾ എന്നിങ്ങനെ വ്യാപകമായ ക്രമകേട് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.