വിമാനങ്ങളെപ്പോലെ റോക്കറ്റും റണ്‍വേയില്‍ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.
ഐഎസ്ആര്‍ഒയുടെ പരീക്ഷണം വിജയകരം. ഉപയോഗം കഴിഞ്ഞ റോക്കറ്റുകളെ റണ്‍വേയില്‍ തിരിച്ചിറക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ലാന്‍ഡിങ് പരീക്ഷമാണ് വിജയകരമായത്.
ഐസഎ്ആര്‍ഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം (ആര്‍എല്‍വി) കര്‍ണാടകത്തിലെ ചിത്രദുര്‍ഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ (എടിആര്‍) ഇന്നലെ രാവിലെയാണ് പരീക്ഷണപ്പറക്കല്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ചിറകുള്ള വിക്ഷേപണ വാഹനം ഹെലികോപ്ടറില്‍ നാലര കിലോമീറ്റര്‍ ഉയരത്തില്‍ കൊണ്ടുപോയി റണ്‍വേയില്‍ ഓട്ടണോമസ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.
രാവിലെ 7.10ന്, ആര്‍എല്‍വി വഹിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ചിനൂക്ക് ഹെലികോപ്റ്റര്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത്.
സമുദ്രനിരപ്പില്‍നിന്ന് നാലര കിലോമീറ്റര്‍ ഉയരത്തില്‍ ആര്‍എല്‍വിയുടെ മിഷന് മാനേജ്മെന്റ് കംപ്യൂട്ടര്‍ കമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനം, വേഗം, ഉയരം, ബോഡി റേറ്റ് തുടങ്ങിയ 10 പില്‍ബോക്സ് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം ഇന്റഗ്രേറ്റഡ് നാവിഗേഷന്‍, ഗൈഡന്‍സ് ആന്‍ഡ് കണ്ട്രോള് സിസ്റ്റം ഉപയോഗിച്ച് റണ്‍വേയില്‍ ഇറങ്ങിയത്.
ബഹിരാകാശത്തു പോയ ശേഷം തിരിച്ചെത്തുന്ന വാഹനത്തിന്റെ എല്ലാ അവസ്ഥകളും സജ്ജമാക്കിയാണ് ആര്‍എല്‍വി ഓട്ടണോമസ് ലാന്‍ഡിങ് നടത്തിയത്.
ബഹിരാകാശ വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്ന ഗവേഷണങ്ങളിലെ പുതിയ നാഴികക്കല്ലാണ് ആര്‍എല്‍വി.
2016 മേയില്‍ ആര്‍എല്‍വി ടിഡി ഹെക്സ് വാഹനം ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ സാങ്കല്‍പ്പിക റണ്‍വേയില്‍ ലാന്‍ഡിങ് നടത്തിയിരുന്നു.