ഓട്ടോസ്പോട്ട്/ഐബി
ലാൻഡ് റോവർ വാഹനങ്ങളിൽ വില കുറഞ്ഞ മോഡലാണ് ഡിസ്കവറി സ്പോർട്ട് എന്നു പറയാം. കഴിഞ്ഞ ദിവസം ഡിസ്കവറി സ്പോർട്ടിന്റെ പെട്രോൾ എൻജിൻ വേരിയന്റ് ഡ്രൈവ് ചെയ്യാൻ അവസരം ലഭിച്ചു. വാഹനത്തിന്റെ രൂപം മുതൽ ഓരോ ചെറിയ കാര്യവും പ്രശംസയർഹിക്കുന്നതാണ്. ഡൈനാമിക് ഡിസൈൻ പായ്ക്കിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.
ജാഗ്വാർ എക്സ്ഇ മോഡലിൽ നല്‍കിയിരിക്കുന്ന അതേ പെട്രോൾ എൻജിൻതന്നെയാണ് ഡിസ്കവറി സ്പോർട്ടിന്റെയും കരുത്ത്. 1,999 സിസി ടർബോ ചാർജ്ഡ് പെട്രോൾ എൻജിൻ 240 പിഎസ് പവറിൽ 340 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
ഉള്ളിൽ
ഹൈ എൻഡ് റേഞ്ച് റോവർ വാഹനങ്ങളിൽ മാത്രം കാണുന്ന ടച്ച് പ്രോ ഡുവോ സിസ്റ്റം ഡിസ്കവറി സ്പോർട്ടിലും നല്‍കിയിട്ടുണ്ട്. എച്ച്എസ്ഇ എന്ന ലക്ഷ്വറി വേരിയന്റ് ആയ ഈ വാഹനത്തിൽ 10 ഇഞ്ച് ടച്ച് ഡിസ്പ്ലേ നല്കിയിരിക്കുന്നു. മറ്റു വേരിയന്റുകളിൽ എട്ട് അഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്.
ഡ്രൈവിംഗ് സുഖം എടുത്തുപറയാവുന്നതാണ്. റോഡ് വ്യക്തമായി കാണാവുന്ന വിധത്തിലാണ് സീറ്റ്. കൂടാതെ ത്രീ വേ ഇലക്്ട്രോണിക്കലി അഡ്ജസ്റ്റബിൾ സീറ്റുകളാണ് മുൻവശത്തേത്. രണ്ടാം റോയിൽ മൂന്നു പേർക്ക് സുഖകരമായി യാത്ര ചെയ്യാം. നടുവിൽ ഫോൾഡബിൾ ആം റെസ്റ്റം ഉള്ളിൽ കപ് ഹോൾഡറുകളുമുണ്ട്.
ആകെ സീറ്റിംഗ് കപ്പാസിറ്റി 5+2. മൂന്നാം നിരയിലെ സീറ്റുകൾ മുതിർന്നവർക്ക് അത്ര അനുയോജ്യമല്ലെങ്കിലും കുട്ടികൾക്ക് സുഖകരമായി യാത്ര ചെയ്യാൻ ഉപകരിക്കും. മൂന്നു റോകളിലും ചാർജിംഗ് സ്പോക്കറ്റുകളും എസി വെന്റുകളും ക്ലൈമറ്റ് കണ്ട്രോൾ നോബും നല്‍കിയിട്ടുണ്ട്. പിന്നിലെ രണ്ട് റോകളിലെ എസി വെന്റുകൾ ബി, സി പില്ലറുകളിലാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. രണ്ടാം റോ സീറ്റുകൾ ഫോൾഡ് ചെയ്യാൻ മൂന്നാം റോയിലെ സി പില്ലറിൽ പ്രത്യേക സ്വിച്ചുകളുമുണ്ട്. പിൻസീറ്റിലേക്കു പ്രവേശിക്കാനോ ബൂട്ട് സ്പേസ് ഉയർത്താനോ ഇത് ഉപയോഗിക്കാം.
എച്ച്എസ്ഇ എന്നത് ആഡംബര വേരിയന്റ് ആയതിനാൽത്തന്നെ പനോരമിക് റൂഫും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാന്പുകളോടുകൂടിയ ടെലിസ്കോപിക് ഹെഡ് ലൈറ്റുകൾ, പ്രീമിയം ഓഡിയോ സിസ്റ്റം, റിയർ കാമറ, സറൗണ്ടിംഗ് പാർക്കിംഗ് സെൻസറുകൾ, എബിഎസ്, ഇഎസ്പി, ട്രാക്ഷൻ കണ്ട്രോൾ, നിരവധി എയർബാഗുകൾ എന്നിവ പ്രധാന പ്രത്യേകതകളായി എടുത്തു പറയാം.
വലുപ്പം: 4600 എംഎം നീളം, 2172 എംഎം വീതി, 1690 എംഎം ഉയരം, 212 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, 981 ലിറ്റർ ബൂട്ട് സ്പേസ്, 2,741 എംഎം വീൽബേസ്.
ടെറൈൻ റെസ്പോണ്‍സ്: ലാൻഡ് റോവർ വാഹനങ്ങളുടെ പ്രധാന പ്രത്യേകതയാണ് റോഡിന്റെ നിലവാരം അനുസരിച്ച് വാഹനത്തിന്റെ പ്രവർത്തനം അഡ്ജസ്റ്റ് ചെയ്യാം എന്നുള്ളത്. ഇതിനായി നാല് ടെറെയ്ൻ റെസ്പോണ്‍സ് സെറ്റിംഗുകളാണുള്ളത്.
സാധാരണ നിരത്തുകൾക്കായി ജനറൽ ഡ്രൈവിംഗ്, പുല്ലും ചരലും മഞ്ഞും നിറഞ്ഞ പാതകൾക്കായി ഗ്രാസ് ഗ്രാവൽ സ്നോ ഓപ്ഷനും ചെളി നിറഞ്ഞ പാതകളിൽ മഡ് ആൻഡ് റട്ട്സ് ഓപ്ഷനും മണലിൽ സാൻഡ് ഓപ്ഷനും തെരഞ്ഞെടുക്കാം. പാതയ്ക്കനുസരിച്ച് വാഹനത്തിന്റെ എൻജിൻ ട്രാൻസ്മിഷനുകൾ അഡ്ജസ്റ്റ് ചെയ്യാനാണിവ. കൂടാതെ ഡ്രൈവിംഗ് സുഖം മെച്ചപ്പെടുത്തുന്നതിനൊപ്പം വാഹനത്തിന് ട്രാക്ഷൻ കണ്ട്രോളും മെച്ചപ്പെടും.
ഓൾ ടെറെയ്ൻ പ്രോഗ്രസ് കണ്ട്രോൾ അഥവാ എടിപിസി: വാഹനത്തിന് ഒരു വേഗം നിശ്ചയിച്ച് നല്കുന്ന ഈ സംവിധാനം ക്രൂയിസ് കണ്ട്രോൾ സിസ്റ്റത്തിന് സമാനമായി പ്രവർത്തിക്കുന്നു. മണിക്കൂറിൽ 1.8 കിലോമീറ്റർ വേഗം മുതൽ 30 കിലോമീറ്റർ വേഗം വരെ ഈ സംവിധാനമുപയോഗിച്ച് നിജപ്പെടുത്താം. അതായത് ദുർഘടമായ പാതിയിലൂടെയുള്ള യാത്രയിൽ വേഗം നിജപ്പെടുത്തിയാൽ ഡ്രൈവർക്ക് സ്റ്റിയറിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.
എടിപിസി ആക്ടിവേറ്റ് ചെയ്താൽ സ്റ്റിയറിംഗ് വീലിലെ +/- ക്രൂയിസ് കണ്ട്രോൾ ബട്ടണ്‍ ഉപയോഗിച്ചാണ് വേഗം അഡ്ജസ്റ്റ് ചെയ്യുന്നത്. വേഗം കൂട്ടണമെങ്കിൽ ആക്സിലറേറ്റർ ഉപയോഗിച്ചാൽ മതി.
വില: 55,84,424 രൂപ (എക്സ് ഷോറൂം)
ടെസ്റ്റ് ഡ്രൈവ്
മുത്തൂറ്റ് ജാഗ്വാർ ആൻഡ് ലാൻഡ് റോവർ, കൊച്ചി
8111883531
വീഡിയോ കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക