തളിപ്പറമ്പ്: കോടതി ജപ്തി ചെയ്ത സ്ഥലം രേഖകളിൽ കൃത്രിമം നടത്തി വില്പന നടത്തിയെന്ന പരാതിയിൽ വില്ലേജ് ഓഫീസറും സബ് രജിസ്ട്രാറും ഉൾപ്പെടെ എട്ടു പേർക്കെതിരെ കോടതി നിർദേശ പ്രകാരം കേസെടുത്തു. തൃശൂർ മുകുന്ദപുരം താലൂക്ക് എടക്കുളം പൂമംഗലം വില്ലേജിൽ പി.കെ.ചന്ദ്രദാസിന്റെ പരാതിയിലാണ് ഐ പി സി 420 പ്രകാരംതളിപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്.
2015 ഒക്ടോബർ അഞ്ചിന് കേസിലെ ഒന്നാം പ്രതിയായ കുറുമാത്തൂരിലെ പുലിമുറ്റത്ത് ബിനു മോൻ ചന്ദ്രദാസിൽ നിന്നും ബിസിനസ് ആവശ്യത്തിന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈടായി നൽകിയിരുന്ന ചെക്ക് പണമില്ലാതെ മടങ്ങിയതിനെ തുടർന്ന് ചന്ദ്രദാസ് ഇരിങ്ങാലക്കുട സബ് കോടതിയിൽ അന്യായം ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോടതി 2017ൽ പ്രതിയുടെ പേരിൽ കുറുമാത്തൂർ വില്ലേജിലുള്ള 3.64 ഏക്കർ സ്ഥലം ജപ്തി ചെയ്ത് ഏറ്റെടുത്തിരുന്നു.
എന്നാൽ രണ്ടാം പ്രതിയായ കുറുമാത്തൂർ വില്ലേജ് ഓഫീസർ ഗംഗാധരൻ, മൂന്നാം പ്രതി തളിപ്പറമ്പ് സബ് രജിസ്ട്രാർ എം.മോഹനൻ, സബ് രജിസ്ട്രാർ ഓഫീസിലെ ക്ലാർക്കുമാരായ കെ.കെ.മുഹമ്മദ് അഫ്സൽ, എ.കെ.സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെ രേഖകളിൽ കൃത്രിമം കാട്ടി തൃശൂർ കുലശേഖരപുരം അശോക ഭവനത്തിൽ കെ.ആർ.ഹരികുമാർ, അഴീക്കോട് സ്വദ്ദേശികളായ ടി.കെ.ശ്രീജിത്ത്, ടി.കെ.ഷീജ മോൾ എന്നിവർക്ക് ജ്പ്തി ചെയ്യപ്പെട്ട സ്ഥലം വിൽപ്പന നടത്തി എന്നാണ് കേസ്.
ചന്ദ്രദാസ് തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹരജി പ്രകാരം കോടതി നിർദ്ദേശാനുസരണമാണ് പ്രതികൾക്കെതിരെ കേസ്. തളിപ്പറമ്പ് സി ഐ എൻ.കെ.സത്യനാഥനാണ് കേസ് അന്വേഷിക്കുന്നത്.