സീതത്തോട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയില്‍. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ വീടിനുള്ളില്‍ താമസിക്കാനാവാതെ വലയുകയാണ് സീതക്കുഴി മനുഭവനില്‍ ഉണ്ണികൃഷ്ണന്‍ നായരും കുടുംബവും. ഓഗസ്റ്റ് 15നാണ് ഉണ്ണികൃഷ്ണന്‍ നായരുടെ വീടിനു മുകളിലേക്ക് അയല്‍വാസിയുടെ ഭൂമിയിലെ മണ്ണിടിഞ്ഞു വീണത്. സംഭവസമയത്ത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീടുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു.
വീടിനു മേല്‍ പതിച്ച കല്ലും മണ്ണും പിന്നീട് ഉണ്ണികൃഷ്ണന്‍ നായര്‍ നീക്കം ചെയ്‌തെങ്കിലും ഇപ്പോള്‍ വീടിനു പിന്നിലായി വലിയ മണ്‍തിട്ട രൂപപ്പെട്ടിരിക്കുകയാണ്. അപകട ഭീഷണിയായി നില്‍ക്കുന്ന മണ്ണ് കുറേക്കൂടി നീക്കം ചെയ്യാതെ വീട്ടില്‍ താമസിക്കുന്നത് അപകടമാണെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ-പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്യാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന സ്ഥലമുടമയുടെ നിലപാടാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് 10സെന്റ് ഭൂമിയും വീടും മാത്രമാണുള്ളത്. മണ്‍തിട്ട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നതിനാല്‍ അപകട നിലയിലായ വീടിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുകയാണ്. അപകട സമയത്ത് ഉണ്ണികൃഷ്ണന്‍ നായരുടെ മകന്‍ മനുകുമാര്‍ പ്രളയം ബാധിച്ച ചെങ്ങന്നൂര്‍,പാണ്ടനാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു.