ചിലപ്പോള്‍ ഞാന്‍ ചത്തുപോകും കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ടോ ! മണ്ണില്‍ പുതഞ്ഞിട്ടും കുഞ്ഞനുജത്തിമാരുടെ ജീവന്‍ രക്ഷിച്ച ആ എട്ടു വയസുകാരിയുടെ വാക്കുകള്‍; ഒടുവില്‍ സംഭവിച്ചത്…

പാലക്കാട്: ‘ചിലപ്പോള്‍ ഞാന്‍ ചത്തുപോകും. കുഞ്ഞിനെയും കൊണ്ടു രക്ഷപ്പെട്ടോ’, അരയ്‌ക്കൊപ്പം മണ്ണില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍ ആരതി സഹോദരങ്ങളോടു വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു. സര്‍വതും മണ്ണു വിഴുങ്ങിയപ്പോള്‍ അവരെ രക്ഷിച്ച ചേച്ചിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ ആ സഹോദരങ്ങള്‍ക്കാവുമായിരുന്നില്ല.

മണ്ണിടിഞ്ഞു തകര്‍ന്ന കൂരയ്ക്കുള്ളില്‍ നിന്നു മൂന്നു കുഞ്ഞു സഹോദരങ്ങളെ രക്ഷിച്ച എട്ടു വയസുകാരി ആരതി ഇന്ന് അട്ടപ്പാടിയുടെ മഴദുരന്തങ്ങള്‍ക്കു മേല്‍ തലയുയര്‍ത്തി നില്‍ക്കുന്നു. അഗളി കൊല്ലങ്കടവ് ഊരിനടുത്തു ഞായര്‍ വൈകിട്ടു മൂന്നരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ നിന്നാണ് ആരതി കൂടപ്പിറപ്പുകളായ ആറും അഞ്ചും മൂന്നും വയസുളള രേവതിക്കും അശ്വതിക്കും രശ്മിക്കും രക്ഷകയായത്.

അച്ഛന്‍ രവിയും അമ്മ മല്ലികയും സഹോദരന്‍ രാകേഷും ദൂരെ മരുന്നു പറിക്കാന്‍ പോയിരിക്കുകയായിരുന്നു. പുല്ലു മേഞ്ഞ കുടിലില്‍ കുട്ടികള്‍ ഒറ്റയ്ക്ക്. കട്ടന്‍ കാപ്പിയിട്ട്, അരിവറുത്തുകൊണ്ടിരിക്കുമ്പോഴാണ് കൂരയുടെ തൂണുകള്‍ മുന്നോട്ടു ചരിയുന്നതായി ആരതി കണ്ടത്. പുറത്തിറങ്ങി നോക്കുമ്പോള്‍ മുന്നിലെ മുറ്റം ഇടിഞ്ഞിരിക്കുന്നു. വീടിനു പുറകിലെ ഉയര്‍ന്ന മണ്‍തിട്ട താഴോട്ടു പതിക്കുന്നതും കണ്ടു. അകത്തേക്കു പാഞ്ഞ ആരതി രശ്മിയെ കോരിയെടുത്തു. രേവതിയോടും അശ്വതിയോടും ഓടാന്‍ പറഞ്ഞു പുറകെ പുറത്തേക്കു കുതിച്ചു. രേവതിയെയും അശ്വതിയെയും സുരക്ഷിത സ്ഥാനത്തെത്തിച്ചെങ്കിലും രശ്മിയെ ചുമന്നോടിയപ്പോഴേക്കും ആരതി അരയോളം മണ്ണില്‍ പുതഞ്ഞു പോയി.

കയ്യിലിരുന്ന കുട്ടിയെ സഹോദരങ്ങള്‍ക്ക് ഒരുവിധത്തില്‍ കൈമാറിയ അവള്‍, അനുജത്തിയെയും കൊണ്ടു രക്ഷപ്പെടാനാണു സഹോദരങ്ങളോടു പറഞ്ഞത്. ചേച്ചിയെ ഉപേക്ഷിച്ചു പോകാന്‍ രേവതിയും അശ്വതിയും തയാറായില്ല. രശ്മിയെ പറമ്പിലെ പൊന്തക്കുള്ളിലിരുത്തി ഇരുവരും ആരതിയെ മണ്ണില്‍ നിന്നു വലിച്ചുകയറ്റി. ഇപ്പോള്‍ ഈ കുട്ടികളാണ് അഗളിയിലെ താരങ്ങള്‍.

 

Related posts