കൊളംബോ: ശ്രീലങ്കയിൽ ഇന്നലെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കിടയിൽ നടന്ന ത്രിരാഷ്ട്ര ട്വന്റി-20യിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ആതിഥേയർ അഞ്ച് വിക്കറ്റിനു കീഴടക്കി. ഫലത്തിൽ അടിയന്തരാവസ്ഥയിലായത് ഇന്ത്യ.
ഇന്ത്യ മുന്നോട്ടുവച്ച 175 റൺസ് എന്ന വിജയലക്ഷ്യം ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 37പന്തിൽ 66 റൺസ് എടുത്ത കുശാൽ പെരേരയാണ് മാൻ ഓഫ് ദ മാച്ച്. 22 റൺസുമായി തീസര പെരേരയും 15 റൺസുമായി ദസൻ ഷണകയും പുറത്താകാതെനിന്നു. അടിയന്തരാവസ്ഥ ത്രിരാഷ്ട്ര പരന്പരയെ ബാധിക്കില്ലെന്ന് ലങ്കൻ സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് മത്സരം നടന്നത്.
49 പന്തിൽ 90 റണ്‍സുമായി കുട്ടിക്രിക്കറ്റിലെ കരിയർ ബെസ്റ്റ് സ്കോർ കണ്ടെത്തിയ ധവാൻ ഇന്ത്യൻ ഇന്നിംഗ്സിനെ ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് താത്കാലിക നായകൻ രോഹിത് ശർമ(0)യെ തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ സുരേഷ് റെയ്ന(1)യും മടങ്ങിയതോടെ ഇന്ത്യ 9/2 എന്ന നിലയിൽ തകർച്ചയെ നേരിട്ടു.
തുടർന്ന് ധവാനും മനീഷ് പാണ്ഡെയും (35 പന്തിൽ 37 റൺസ്) മൂന്നാം വിക്കറ്റിൽ 95 റണ്‍സ് കൂട്ടിച്ചേർത്തു. 49 പന്തിൽനിന്ന് ആറുവീതം സിക്സറും ബൗണ്ടറികളും ഉൾപ്പെടെയായിരുന്നു ധവാന്റെ ഇന്നിംഗ്സ്.