ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ 60ലേറെ മലയാളികള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 60 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് കേരള പോലീസിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
നാഷണല്‍ തൗഹീത്ത് ജമാഅത്ത് (എന്‍ജെടി) എന്ന സംഘടനയാണ് ലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന്റെ തമിഴ്‌നാട് ഘടകവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മലയാളികളാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണ് തൗഹീത് ജമാഅത്ത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള ചില പ്രാദേശിക ഭാഷകളിലും ചിത്രീകരിച്ചിരുന്നു. തമിഴ്, മലയാളി യുവാക്കളില്‍ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ് ഇത്തരത്തില്‍ പ്രാദേശിക ഭാഷകളിലും വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസ് നിഗമനം.
വണ്ടിപ്പെരിയാര്‍, പെരുമ്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളാണ് നിരീക്ഷണത്തിലുള്ളതെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ തൗഹീത്ത് ജമാഅത്ത് സംഘടിപ്പിച്ച ക്യാമ്പുകളില്‍ ഈ യുവാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം കര്‍ശനമാക്കിയതെന്നും രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.