കരുനാഗപ്പള്ളി: ഒരുനാടിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യത്തിലേക്ക്. തൊടിയൂർപഞ്ചായത്തിനെയും ശൂരനാട് തെക്ക് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചേലക്കോട്ടുകുളങ്ങര വലിയതുറകടവ് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിന്ന പ്രതിസന്ധികൾ ഒഴിവായതോടെയാണ് പാലം എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പള്ളിക്കലാറിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ പാലം നിർമ്മാണത്തിനു തടസമായി നിന്ന ഇരുകരകളുമായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങളിൽ ഭൂരിഭാഗം പേരുടെയും സമ്മതം ഉറപ്പായതോടെയാണ് പാലം യാഥാർഥ്യമാകുന്നത്. ഇതോടെ കരുനാഗപ്പള്ളി ടൗണിനേയും ഭരണിക്കാവിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഇടനാഴിയായി ഇത് മാറും.
തൊടിയൂർ, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ നിവാസികൾക്ക് പടിഞ്ഞാറ് ദേശീയപാതയിലേക്കും കിഴക്കൻ മേഖലയിലേക്കും വളരെ പെട്ടെന്ന് എത്താൻ ഇതുവഴികഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ശൂരനാട് തെക്ക് പഞ്ചായത്തിൽപ്പെടുന്ന ലങ്ക എന്ന പ്രദേശം യാത്രാ ദുരിതത്താൽ ഏറെ നാളായി പ്രതിസന്ധി നേരിടുന്ന സ്ഥലമാണ്.
വലിയതുറകടവിലെ കടത്ത് വള്ളം ആണ് ദേശീയ പാതയിലേക്ക് എത്താനുള്ള ഇവരുടെ പ്രധാനപ്പെട്ട സഞ്ചാര മാർഗങ്ങളിൽ ഒന്ന്. ഈ പാലം യാഥാർഥ്യമാകുന്നതോടെ നാലു കിലോമീറ്റർ സഞ്ചരിച്ച് ഇവർക്ക് വേഗത്തിൽ ദേശീയപാതയിലേക്കെത്താം. കൂടാതെ ഇരുകരകളിലും പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് അടൂർ, കടമ്പനാട്, കൊട്ടാരക്കര പ്രദേശങ്ങളിലേക്കും വേഗത്തിൽ എത്താം.
പിഡബ്ല്യുഡി ബ്രിഡ്ജ്സ് വിഭാഗം തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇരു പഞ്ചായത്തുകളിലും പാലത്തിനായി ഏറ്റെടുക്കുന്ന പ്രദേശങ്ങളുടെ അതിർത്തി നേരത്തെ കണ്ടെത്തി കല്ലിട്ടിരുന്നു. എങ്കിലും വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇരുപ്രദേശങ്ങളിലും ചില തർക്കങ്ങൾ നിലനിന്നിരുന്നു.
ശൂരനാട് തെക്ക് പഞ്ചായത്തിലെ വസ്തു ഉടമകളുമായി പൂർണമായും സമ്മതം അറിയിച്ചതായി കോവൂർ കുഞ്ഞുമോൻ എം എൽ എ പറഞ്ഞു. തൊടിയൂർ പഞ്ചായത്തിലെ അവശേഷിക്കുന്ന ഏതാനും വ്യക്തികളുടെ കൂടി പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ പാലത്തിന്റെ ഭരണാനുമതിയും ടെൻണ്ടർ നടപടികളും ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം.
ഏഴര മീറ്റർ മുതൽ പന്ത്രണ്ടരമീറ്റർ വരെ വരുന്ന അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന് ഉടമകൾക്ക് നിലവിലുള്ളതിനേക്കാൾ ഉയർന്നവില ലഭ്യമാകാനും സാധ്യതയുണ്ട്. ഈ വസ്തുതകൾ ബോധ്യപ്പെടുത്തുന്നതിനായി വസ്തു ഉടമകളുടെ യോഗം അടുത്തുതന്നെ തൊടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചുചേർക്കുമെന്ന് എംഎൽഎമാരായ ആർ രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.
പ്രദേശവാസികളുടെ ആശങ്കകൾ പൂർണമായും ഒഴിവാക്കി പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എംഎൽഎമാരും മറ്റു ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പകുമാരി, കടവികാട്ട് മോഹനൻ തഹസിൽദാർമാരായ അനിൽകുമാർ, എൻ. സാജിദ ബീഗം, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ, അസിസ്റ്റന്റ് എൻജിനീയർ ശബരി, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവരും പദ്ധതി പ്രദേശം സന്ദർശിച്ചു.