കടുത്തുരുത്തി: വർഷങ്ങളേറേ കഴിഞ്ഞിട്ടും ഇനിയും എങ്ങുമെത്താതെ മാനാടി നിരപ്പിലെ കുടിവെള്ള പ്രശ്നങ്ങൾ.
പലവിധ കാരണങ്ങളാൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന മാനാടി നിരപ്പിലെ കുടിവെള്ള പദ്ധതി ഒടുവിൽ തടസപ്പെട്ടത് വൈദ്യുതി കണക്ഷൻ ലഭിക്കാൻ വൈകിയതോടെയാണ്.
കുടിവെള്ള പദ്ധതിയുടെ കെട്ടിടത്തിന് ഒടുവിൽ നന്പരിട്ടു കിട്ടിയെങ്കിലും അപ്പോഴേക്കും പദ്ധതിക്കായി ജില്ലാ പഞ്ചായത്തിൽനിന്നും അനുവദിച്ച ഫണ്ട് ലാപ്സായി.
പദ്ധതി പൂർത്തിയാക്കി കുടിവെള്ളം ലഭിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി വീണ്ടും അധികൃതരെ സമീപിച്ചിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങൾ.
പകുതിയിലധികം ജോലികൾ മൂന്ന് വർഷത്തിനു മുന്പ് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ അവസ്ഥയാണിത്.
ഞീഴൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിക്കാണ് ഈ ഗതി.
കടുത്തുരുത്തി പഞ്ചായത്താണ് വൈദ്യുതി എടുക്കാനുള്ള അനുമതി നൽകേണ്ടിയിരുന്നത്. കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്തുകളിലെ 25 ഓളം കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നത്.
മാനാടി നിരപ്പ് പദ്ധതി അനുവദിച്ചത് ഞീഴൂർ പഞ്ചായത്തിനാണെങ്കിലും ഇതു നിർമിച്ചത് സമീപത്തു സ്ഥിതി ചെയ്യുന്ന കടുത്തുരുത്തി പഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന സ്ഥലത്താണ്.
രാഷ്ട്രീയ കാരണങ്ങളാൽ കടുത്തുരുത്തിയിൽനിന്നു കെട്ടിടത്തിന്റെ നന്പരിട്ടു നൽകാൻ വൈകുകയായിരുന്നു.
ഞീഴൂർ പഞ്ചായത്തുനിവാസിയായ മാനാടിയേൽ ഷെൽബിയാണ് പദ്ധതിക്കായി അരസെന്റ് സ്ഥലം സൗജന്യമായി നൽകിയത്.
രണ്ട് പഞ്ചായത്തുകളുടെയും അതിർത്തി പ്രദേശമാണ് മാനാടി നിരപ്പ്. കടുത്തുരുത്തി പഞ്ചായത്തിൽപ്പെടുന്ന തന്റെ സ്ഥലമാണ് പദ്ധതിക്കായി ഷെൽബി നൽകിയത്.
ഞീഴൂർ പഞ്ചായത്തിന് അനുവദിച്ച പദ്ധതി കടുത്തുരുത്തി പഞ്ചായത്തു പ്രദേശത്ത് നിർമിച്ചതാണ് പദ്ധതിക്കു വൈദ്യുതി നൽകാതിരിക്കാൻ കാരണമെന്ന് നേരത്തെതന്നെ ആരോപണമുയർന്നിരുന്നു.
മാനാടി നിരപ്പിലെ താമസക്കാരായ 25 ഓളം കുടുംബങ്ങൾക്ക് കുടിവെള്ള ലഭ്യമാക്കുന്നതിനായി മേരി സെബാസ്റ്റ്യൻ മെന്പറായിരിക്കുന്പോഴാണ് ജില്ലാ പഞ്ചായത്തിന്റെ ആറ് ലക്ഷത്തോളം രൂപ ഉപയോഗിച്ചു പദ്ധതി തുടങ്ങുന്നത്.
മാനാടി നിരപ്പ് മലയിൽ പദ്ധതിക്കായി കുഴൽക്കിണർ നിർമിച്ചു മോട്ടോർപുര സ്ഥാപിക്കുകയും ചെയ്തു.
ടാങ്കിൽ വെള്ളം ശേഖരിച്ചു വീടുകളിലേക്കു പൈപ്പ് ലൈൻ സ്ഥാപിച്ചു വെള്ളം വിതരണം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
വീടുകളിലേക്കു പൈപ്പ് സ്ഥാപിച്ചു വെള്ളം നൽകാൻ കഴിഞ്ഞില്ലെങ്കിലും ടാങ്ക് വച്ചു താഴെ ഒരു പൊതുടാപ്പ് സ്ഥാപിച്ചു വെള്ളമെടുക്കാവുന്ന സ്ഥിതിയെങ്കിലും ഉണ്ടാക്കിത്തരണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.
വേനൽ ആരംഭിച്ചപ്പോൾത്തന്നെ പണം കൊടുത്തു വണ്ടിയിൽ വെള്ളമെത്തിച്ചാണ് നാട്ടുകാർ കുടിവെള്ള പ്രതിസന്ധിയെ നേരിടുന്നത്.