ബംഗളൂരു: ബാങ്ക് വായ്പയെടുത്തു തക്കാളി കൃഷി നടത്തി നഷ്ടത്തിലായതോടെ കടം വീട്ടാൻ ലാപ്ടോപ്പുകൾ മോഷ്ടിച്ച് വിറ്റ മുൻ ഐടി ജീവനക്കാരൻ പിടിയിൽ. ഹൊസൂർ സ്വദേശി മുരുകേഷ് ആണ് അറസ്റ്റിലായത്.
ഹൊസൂരിലെ ആറേക്കർ സ്ഥലത്ത് മുരുകേഷ് തക്കാളി കൃഷി നടത്തിയിരുന്നു. വിളനാശത്തെ തുടർന്ന് വൻ സാമ്പത്തികനഷ്ടം സംഭവിച്ചു. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന ഇയാൾ 57 ലാപ്ടോപ്പുകളാണ് ഓഫീസിൽനിന്നു മോഷ്ടിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മോഷണം തുടങ്ങി. ഓഗസ്റ്റ് അവസാനത്തോടെ മുരുകേഷ് കമ്പനിയിൽനിന്നു രാജിവയ്ക്കുകയും ചെയ്തു.
ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസിലാക്കിയത്. തുടർന്ന് സിസിടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് മുൻ ജീവനക്കാരനാണെന്നു മനസിലായി. ഹൊസൂരിലെ കടയിൽ വിറ്റതടക്കം 50 ലാപ്ടോപ്പുകൾ പോലീസ് കണ്ടെടുത്തു.