കോട്ടയം: ട്രെയിനിൽനിന്ന് പെൺകുട്ടിയുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി കൃസ്തുദാസാണ് (46) പിടിയിലായത്. പത്തനംതിട്ട പ്രക്കാനം സ്വദേശി ശ്രീമോളുടെ ലാപ്ടോപ്പും ഫോണുമാണ് കവർന്നത്.
ഇന്നലെ പുലർച്ചെ അഞ്ചോടെ വഞ്ചിനാട് എക്സ്പ്രസിലായിരുന്നു സംഭവം. ശ്രീമോളും സഹോദരനും ഡി വൺ കോച്ചിൽ ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. പുലർച്ചെ ഉറക്കത്തിലായിരുന്നതിനാൽ ബാഗ് മോഷണം പോയത് ശ്രീമോൾ അറിഞ്ഞില്ല.
എന്നാൽ സംശയം തോന്നി പരിശോധിച്ചതോടെ ഒരാൾ ബാഗുമായി കോട്ടയത്ത് ഇറങ്ങിയതായി അറിഞ്ഞു. അപ്പോഴേക്കും ട്രെയിൻ കോട്ടയം വിട്ടിരുന്നു.
ശ്രീമോളും സഹോദരനും ചങ്ങനാശേരിയിൽ ഇറങ്ങി തിരിച്ച് കോട്ടയത്തേക്ക് എത്തി റെയിൽവെ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച ആർപിഎഫ് എസ്ഐ എ.ജി. ജിബിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി.
മോഷ്ടിച്ച ഫോൺ ആണ് പ്രതിക്കു കുരുക്കായത്. സൈബർ പോലീസിന്റെ സഹായത്തോടെനടത്തിയ അന്വേഷണത്തിൽ ഫോൺ ഏനാത്തുനിന്നു ലഭിച്ചു.
പ്രതി ഫോൺ ഇവിടെ എറിഞ്ഞുകളഞ്ഞതായിരുന്നു. പിന്നീട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൃസ്തുദാസിനെ അയാളുടെ അഞ്ചുതെങ്ങിലെ വീട്ടിൽനിന്നു പിടികൂടി. ലാപ്ടോപ്പ് അടങ്ങിയ ബാഗ് ഇവിടെനിന്നു കണ്ടെത്തി.
ആർപിഎഫ് എഎസ്ഐ എസ്. സന്തോഷ് കുമാർ, എഎസ്ഐ ഫിലിപ്പ് ജോൺ, ഹെഡ്കോൺസ്റ്റബിൾമാരായ വിപിൻ, ജോസ്, റെയിൽവെ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.