കൊച്ചി: മോഷണക്കേസില്‍ അറസ്റ്റിലായ യുവതിയെ പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിക്കാനെത്തിയ വിദ്യാര്‍ഥികള്‍ എറണാകുളം നോര്‍ത്ത് എസ്എച്ച്ഒയെ കൈയേറ്റം ചെയ്തു. അതിക്രമത്തില്‍ പരിക്കേറ്റ എസ്എച്ച്ഒ പ്രതാപ് ചന്ദ്രന് ആശുപത്രിയില്‍ ചികിത്സതേടി.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളജ് വിദ്യാര്‍ഥിക്കും സുഹൃത്തിനും പോലീസ് നോട്ടീസ് നല്കി വിട്ടയച്ചു. ഇന്നലെ രാത്രിയായിരുന്നു എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ സംഭവം നടന്നത്.
ലിസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍എന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ അസി.അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി തസ്നിയെ(24) കമ്പനിയുടെ ലോക്കര്‍ റൂമില്‍നിന്ന് ആപ്പിള്‍ കമ്പനിയുടെ ലാപ്ടോപ്പും രണ്ട് മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ 1,70,000 രൂയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇതിനു പിന്നാലെ ഇവരുടെ സുഹൃത്തായ എറണാകുളം ലോ കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇടുക്കി സ്വദേശി യു.എ. അമീസും(24) ഇയാളുടെ സുഹൃത്ത് ഇടുക്കി സ്വദേശി കെ.ആര്. അമലേഷും(23) പോലീസ് സ്റ്റേഷനിലെത്തി.
ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് തസ്നി ലാപ്ടോപ്പ് എടുത്തതെന്നും പരാതി വ്യാജമെന്നും ആരോപിച്ച് ഇവര്‍ പോലീസുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത യുവതിയെ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് എസ്എച്ച്ഒയെ കൈയേറ്റം ചെയ്തു.
ഇത് സ്റ്റേഷനില്‍ ഏറെ നേരം സംഘര്‍ഷത്തിന് വഴിവച്ചു. ഇതിനിടെ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ വിദ്യാര്‍ഥികള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തസ്നി അഭിഭാഷകയാണെന്നാണ് പോലീസ് പറയുന്നത്. മൂന്നു പേര്‍ക്കും നോട്ടീസ് നല്കിയ ശേഷം വിട്ടയച്ചു.