എടക്കര: ലാപ്ടോപ് വാങ്ങണമെന്ന മോഹമുപേക്ഷിച്ചു ഏഴുവയസുകാരൻ കോവിഡ് ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലെ വലിയ പങ്കാളിയായി.
പാതിരിപ്പാടം കുന്നിൽ നൗഷാദ്-തോരക്കണ്ടൻ ജാസ്മി ദന്പതിമാരുടെ മകൻ ഏഴുവയസുള്ള മുഹമ്മദ്ഷാഫിയാണ് നാടിനെ ബാധിച്ച പകർച്ചവ്യാധിയെ നേരിടുന്ന മുഖ്യമന്ത്രിയുടെ യജ്ഞത്തിൽ പങ്കാളിയായത്.
ഉപ്പയും ഉമ്മയും വല്ല്യുമ്മയും മിഠായി വാങ്ങാൻ പലപ്പോഴായി നൽകിയ പണം സ്വരുക്കൂട്ടി സ്വന്തമായി ലാപ്ടോപ് വാങ്ങുക എന്നത് മുഹമ്മദ് ഷാഫിയെന്ന കുരുന്നിന്റെ സ്വപ്നമായിരുന്നു.
പെരുന്നാൾ സമ്മാനമായി ലാപ്ടോപ് വാങ്ങാൻ തയാറാവുകയും ഇതിനായി പണം കരുതി വയ്ക്കുകയും ചെയ്തു.
എന്നാൽ കോവിഡ് നാടാകെ വ്യാപിക്കുകയും വാക്സിൻ ക്ഷാമം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ലാപ്ടോപിനു പ്രാധാന്യം നൽകാതെ വേദനിക്കുന്ന ജനസമൂഹത്തെ സഹായിക്കാനുള്ള ഉറച്ച തീരുമാനം ഏഴു വയസുകാരൻ കൈക്കൊള്ളുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കു ഉദാരമനസ്കരായ ആളുകൾ സംഭാവനകൾ നൽകാൻ തുടങ്ങിയതറിഞ്ഞ് തനിക്ക് ലാപ്ടോപ് വേണ്ട, വേദനിക്കുന്നവരെ സഹായിക്കാനായി ഈ പണം വിനിയോഗിക്കാമെന്നു മാതാവിനോട് ഷാഫി പറയുകയായിരുന്നു.
വീട്ടുകാർ പോലും കുട്ടിയുടെ തീരുമാനത്തിൽ ആദ്യം പകച്ചുവെങ്കിലും പിന്നീട് ദുരിതബാധിതരെ സഹായിക്കാനുള്ള തങ്ങളുടെ മകന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
മുഹമ്മദ് ഷാഫിയുടെ വിദേശത്തുള്ള അമ്മാവൻ ഗഫൂർ അറിയിച്ചതിനെത്തുടർന്നു പി.വി അൻവർ എംഎൽഎ ഇന്നലെ ഇവരുടെ വീട്ടിലെത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈപ്പറ്റി.
മുഹമ്മദ് ഷാഫിയുടെ വലിയ മനസിനെയും പിന്തുണച്ച മാതാപിതാക്കളെയും അൻവർ എംഎൽഎ അഭിനന്ദിക്കുകയും ചെയ്തു.