വാട്സ്ആപ്പിന്റെയും മെസഞ്ചറിന്റെയും വരവോടെ പ്രശസ്തി നഷ്ടപ്പെട്ട ഒരാളുണ്ട്- ആശംസ കാർഡ്. ആഘോഷങ്ങളോട് അനുബന്ധിച്ച്, പ്രത്യേകിച്ചും ക്രിസ്മസിനോടും പുതുവത്സരത്തോടും അനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശംസകാർഡുകൾ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇന്നങ്ങനെ കാർഡുകൾ അയയ്ക്കുന്നവർ വിരളമാണ്.
വാട്സ്ആപ്പിലും മെസഞ്ചറിലും മറ്റും കൂട്ടത്തോടെ പേരുകൾ തെരഞ്ഞെടുത്ത് ആശംസകൾ അയയ്ക്കാൻ സൗകര്യമുള്ളപ്പോൾ പിന്നെ എന്തിനാണ് സമയവും പണവും നഷ്ടപ്പെടുത്തി ആശംസകാർഡ് അയയ്ക്കുന്നത് എന്നു ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും.
ഇതിൽനിന്നെല്ലാം വ്യത്യസ്തയാവുകയാണ് അമേരിക്കക്കാരിയായ ലോറ ലാന്റർമാൻ. കഴിഞ്ഞ 16 വർഷമായി ക്രിസ്മസിനോട് അനുബന്ധിച്ച് ആശംസകാർഡുകൾ അയയ്ക്കുന്നുണ്ട് ലോറ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമല്ല കാർഡ് അയയ്ക്കുന്നത് എന്നതാണ് അവര വ്യത്യസ്തയാക്കുന്നത്.
അമേരിക്കൻ പട്ടാളത്തിലെ സൈനികർക്കാണ് ലോറ വർഷങ്ങളായി മുടങ്ങാതെ കാർഡുകൾ അയയ്ക്കുന്നത്. എല്ലാ സൈനികർക്കും അവർ കാർഡ് അയയ്ക്കാറില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ആവശ്യത്തിനായുള്ള കാർഡുകൾ ലോറ ശേഖരിക്കും. ഇതിനായി ഒരു ഫേസ്ബുക്ക് പേജ് ലോറ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന കാർഡുകളാണ് ലോറ അവർക്ക് അയച്ചുകൊടുക്കുന്നത്.
കൂടുതലും സ്കൂൾ കുട്ടികളാണ് ലോറയ്ക്ക് കാർഡുകൾ എത്തിച്ചുകൊടുക്കുന്നത്. അവരുടെ എഴുത്തും വരകളുമായിരിക്കും കാർഡുകളിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം അന്പതിനായിരം കാർഡുകളാണ് അയച്ചുകൊടുത്തത്. ഈ വർഷം ഇതുവരെ 1,60,000ൽ അധികം കാർഡുകളാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെർണിർ സാർഡേഴ്സും എലിസബത്ത് വാർണെനും ലോറയ്ക്ക് കാർഡുകൾ നൽകിയിട്ടുണ്ട്. കാർഡുകൾ തയാറാക്കിവച്ചിരിക്കുന്ന ചിത്രവും ലോറ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
എസ്ടി