സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ ഗവ. കോൺട്രാക്ടർ ലാറി ഹാൾ.
ലോകാവസാനത്തിനു സമാനമായ പ്രതിസന്ധി ഉണ്ടായാലും ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ സുരക്ഷിതമായും ആഡംബരത്തോടെയും ഈ അറയിൽ കഴിയാനാകുമെന്നു ലാറി ഹാൾ അവകാശപ്പെടുന്നു.
ഭൂമിക്കടിയിൽ ആണെങ്കിലും ഒരു ബഹുനില ആഡംബര ഹോട്ടലിനു സമാനമായാണ് അറയുടെ നിർമാണം. മുകൾ ഭാഗം ഒമ്പതടി കട്ടിയുള്ള കഠിനമായ കോൺക്രീറ്റ് ഭിത്തികൾകൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
എട്ട് ടൺ സ്റ്റീൽ കൊണ്ടാണു വാതിലുകളുടെ നിർമാണം. 500 മൈലിൽ കൂടുതൽ വേഗതയുള്ള കാറ്റിനെ നേരിടാൻ കഴിയുന്നതാണ് മേൽക്കൂര.
15 നിലകളാണ് ഈ സ്റ്റീൽ ബങ്കറിനുള്ളത്. ഇതിൽ പ്രത്യേകം സജ്ജീകരിച്ച ആഡംബര മുറികൾക്കൊപ്പം സ്വിമ്മിംഗ് പൂളും തിയറ്ററും മെഡിക്കൽ ബേകളും ഭക്ഷണശാലകളും ഒക്കെ ഉൾപ്പെടുന്നു.
ആക്രമണങ്ങളെ പ്രതിരോധിക്കാനായി തോക്കുകളും ഹെൽമറ്റുകളും പുറത്തേക്കിറങ്ങേണ്ടി വന്നാൽ ധരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ വസ്ത്രങ്ങളും അറയ്ക്കുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭൂഗർഭ മിസൈൽ വിക്ഷേപണ അറയിലാണ് ഈ ബങ്കർ നിർമിച്ചിരിക്കുന്നത്. ജനറൽ സ്റ്റോർ, ഡിജിറ്റൽ വെതർ സ്റ്റേഷൻ, ബാർ, കുറഞ്ഞത് 75,000 ഗാലൺ റിസർവ് ടാങ്കുകളുള്ള ജലവിതരണം, ഇന്‍റർനെറ്റ് ആക്സസുള്ള കമ്യൂണിക്കേഷൻ സെന്‍റർ തുടങ്ങിയവ ബങ്കറിലുണ്ടാകും.
75ഓളം പേർക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ അഞ്ച് വർഷത്തിലധികം ഇതിനുള്ളിൽ കഴിയാൻ പറ്റുമെന്നു ലാറി ഹാൾ പറയുന്നു.
“സർവൈവൽ കോണ്ടോ’ എന്ന് പേരിട്ട ബഹുനില ഭൂഗർഭ അറയുടെ ലക്ഷ്യം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഒരു പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്.