നവജാത ശിശുവിന് ഏറ്റവും അത്യാവശ്യം മുലപ്പാല്‍ തന്നെ എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ് ഓസ്ട്രേലിയന്‍ സെനറ്റര്‍ ലാറീസ വാട്ടേഴ്സ്. തന്റെ രണ്ട് മാസം പ്രായമായ കുട്ടിയെ ഓസ്ട്രേലിയന്‍ സഭയില്‍വെച്ച് മുലയൂട്ടിക്കൊണ്ടാണ് ലാറീസ വാട്ടേഴ്സ് മാതൃക കാട്ടിയത്. ഇടത് അനുഭാവമുള്ള ഗ്രീന്‍സ് പാര്‍ട്ടിയുടെ സെനറ്ററാണ് ലാറീസ വാട്ടേഴ്സ്. സഭയില്‍വെച്ച് കുഞ്ഞിന് മുലയൂട്ടുന്നതിന് നേരത്തെ നിയമം പാസാക്കിയിരുന്നു.
സുപ്രധാനമായ വോട്ട് ചര്‍ച്ച നടക്കുന്നതിനാലാണ് ലാറീസ രണ്ട് മാസം പ്രായമായ കുട്ടി ആലിയ ജോയിയുമായി സഭയില്‍ എത്തിയത്. സഭയിലിരുന്ന് ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടിയ ലാറീസയെ മറ്റ് സെനറ്റര്‍മാര്‍ അഭിനന്ദിച്ചു. ആദ്യമായി ഒരു അമ്മ സഭയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടിയ സംഭവത്തെ പ്രത്യേകം സഭാ രേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് സെനറ്റര്‍ കാറ്റി ഗാലാഖേര് മാധ്യമങ്ങളോട് പറഞ്ഞു.
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ഇനിയും കുഞ്ഞുങ്ങള്‍ ജനിക്കും. അവര്‍ക്ക് അവരുടെ ജോലിയും നോക്കണം. കുഞ്ഞുങ്ങളെയും നോക്കണം. ഇനി നമ്മള് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റാന്‍ പോവുകയാണ്. കാറ്റി ഗലാഖേര്, ഓസ്ട്രേലിയന്‍ സെനറ്റര്‍. ഇതിന് മുമ്പ് പാര്‍ലമെന്റ് ഓഫീസുകളിലും ഗ്യാലറികളിലും മാത്രമേ അമ്മമാര്‍ക്ക് മുലയൂട്ടുന്നതിന് അനുമതി നല്കിയിരുന്നുള്ളൂ.