കെഎസ്ആർടിസി ബസ് ടിക്കറ്റ് ചാർജിന്റെ ബാലൻസ് വാങ്ങാൻ മറന്നുപോയ യാത്രക്കാരിക്ക് തുക ഗൂഗിൾ പേ വഴി നൽകി കണ്ടക്ടർ. 183 രൂപയുടെ ടിക്കറ്റിന് 17 രൂപ കണ്ടക്ടർ ആദ്യം നൽകിയിരുന്നു.
ബാലൻസ് 300 രൂപ ടിക്കറ്റിന് പിറകിൽ കുറിച്ചു നൽകി. എന്നാൽ ധൃതിയിൽ സ്റ്റോപ്പിലിറങ്ങിയ യാത്രക്കാരി പിന്നീടാണ് ബാലൻസിന്റെ കാര്യം ഓർമിച്ചത്.
കൊല്ലം എസ് എൻ കോളജിലെ ഗവേഷണ വിദ്യാർത്ഥിനിയായ ലസിതയുടെ അനുഭവം സുഹൃത്താണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
ആത്മാർത്ഥ സുഹൃത്തും കൂടെപ്പിറപ്പുമായ ലസിതയുടെ കോൾ വന്നത് വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ്.
കൊല്ലം S. N കോളേജിൽ ഗവേഷണ വിദ്യാർത്ഥിനിയായ അവൾ സ്വദേശമായ എടമുട്ടത്തു നിന്നും കോളേജിലേക്കുള്ള യാത്രാ മധ്യേ സംഭവിച്ച ചെറിയൊരു വിഷയം സംസാരിക്കാനായിരുന്നു വിളിച്ചത്.
വൈറ്റിലയിൽ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത KSRTC ബസിൽ (തിരുവല്ല – എറണാകുളം- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്) നിന്നും ബാലൻസ് തുകയായ 300 രൂപ വാങ്ങാൻ മറന്നുവത്രേ…
183 രൂപയുടെ ടിക്കറ്റും ചില്ലറ 17 രൂപയും കണ്ടക്ടർ തിരികെ നൽകി. ബാലൻസ് തുകയായ 300 രൂപ ടിക്കറ്റിനു പിന്നിൽ കുറിച്ച് യാത്രാ മധ്യേ നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
കൊല്ലമെത്തിയപ്പോൾ ലസിത ധൃതിയിൽ ബാഗുമായി സ്റ്റോപ്പിലിറങ്ങി, ബസിൽ നിന്നും ഇറങ്ങി കോളേജിലെത്തുമ്പോഴാണ് ബാലൻസ് തുക ലഭ്യമായില്ല എന്ന കാര്യം അവൾ ഓർമിച്ചത്.
കോളേജ് സമയം കഴിഞ്ഞാണ് ആനവണ്ടിപ്രാന്തു മൂത്ത് നടക്കുന്ന എന്നെ അവൾ വിളിച്ച് കാര്യം പറയുന്നത്.
ഉടനടി ഞാൻ അവളോട് ടിക്കറ്റിൻ്റെ ഫോട്ടോ വാങ്ങി KSRTC ട്രാവൽബ്ലോഗ് , ചങ്ങനാശ്ശേരി – വേളാങ്കണ്ണി സർവ്വീസ് എന്നീ വാട്ട്സാപ്പ് കൂട്ടായ്മയിൽ ഷെയർ ചെയ്യുകയും ബാലൻസ് തുക ലഭ്യമാകുവാനുള്ള വഴികൾ ആരായുകയും ചെയ്തു.
ഉടൻ തന്നെ എടത്വ ഡിപ്പോയിലെ കണ്ടക്ടർ ശ്രീ. ഷെഫീഖ് ഇബ്രാഹിം എന്നെ കോണ്ടാക്ട് ചെയ്യുകയും.
തിരുവല്ല ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ എടുത്തുവെന്നും അധികം താമസമില്ലാതെ തുക ലഭ്യമാകും എന്ന ഉറപ്പും നൽകി.
ഇതിനിടയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻ ശ്രീരാജ് പി.ആർ ഉടൻ തന്നെ ഡിപ്പോയിൽ വിളിച്ച് കണ്ടക്ടറുടെ നമ്പർ കളക്ട് ചെയ്ത് അദ്ദേഹവുമായി സംസാരിച്ച് തുക ഏറ്റവും വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചു.
കൂടാതെ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സർവ്വീസ് കൂട്ടായ്മയുടെ ഗ്രൂപ്പ് അഡ്മിൻ മനീഷ് പരുത്തിയിൽ ആനവണ്ടി ബ്ലോഗ് അഡ്മിൻമാരായ അനീഷ് പൂക്കോത്ത് ,കിഷോർ എന്നിവരും കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും ഡിപ്പോയുമായി കോണ്ടാക്ട് ചെയ്യുവാനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിത്തരികയും ചെയ്തു.
എന്തായാലും സഹായം ചോദിച്ച് പോസ്റ്റിട്ടതിന്റെ 43 ാം മിനുട്ടിൽ ഷെഫീഖ് ഇക്കയുടെ അക്കൗണ്ടിൽ നിന്നും എന്റെ അക്കൗണ്ടിലേക്ക് ബാലൻസ് തുകയായ 300 രൂപ ക്രെഡിറ്റായി.
തിരുവന്തപുരത്തെത്തുമ്പോൾ ബസിൽ ഡ്രൈവർ കം കണ്ടക്ടറായി സേവനം ചെയ്യുന്ന ശ്രീ ബിനു കെ ജോൺ , ഇക്കയുടെ അക്കൗണ്ടിലേക്ക് തുക കൈമാറും എന്നും അദ്ദേഹം അറിയിച്ചു. ഉടൻ തന്നെ ഞാൻ അവൾക്ക് തുക ഗൂഗിൾ പേ ചെയ്തു നൽകുകയും ചെയ്തു.
1. യാത്രയിൽ ഉടനീളം ജീവനക്കാർ ഏറെ മാന്യമായി പെരുമാറി എന്നും. ഉറങ്ങിപ്പോയ താൻ വെപ്രാളപ്പെട്ട് സ്റ്റോപ്പിൽ ഇറങ്ങാൻ തിടുക്കപ്പെട്ടപ്പോൾ ബാലൻസ് ചോദിച്ചു വാങ്ങാൻ മറന്നതാണെന്നും .
2. കുറെക്കാലം മുൻപ് ഇതേ പോലൊരു യാത്രയിൽ വച്ച് എറണാകുളം – ആലപ്പുഴ – കൊല്ലം ഫാസ്റ്റിൽ വച്ച് തല കറക്കമുണ്ടാവുകയും.
അതിൽ അന്നുണ്ടായിരുന്ന കണ്ടക്ടർ യാത്രാ മധ്യേ വണ്ടി നിർത്തി അവൾക്കാവശ്യമായ വെള്ളവും ആഹാരവും വാങ്ങി നൽകുകയും ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകുകയും ചെയ്യുകയുണ്ടായി എന്നും.
സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിക്ക് KSRTC എന്ന പ്രസ്ഥാനത്തിലെ ജീവനക്കാർ നൽകിയ സ്നേഹവും പരിഗണനയും മാത്രമല്ല , ആനവണ്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ആനവണ്ടി ഫാൻസ് ഗ്രൂപ്പിലെ അംഗങ്ങൾ സാധാരണക്കാർക്ക് KSRTC യിൽ നിന്നും മികച്ച സേവനങ്ങൾ നൽകുവാൻ എത്രമാത്രം ഉത്സുകരാണെന്നും അത് ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമാകുന്നു എന്നും മേൽ പറഞ്ഞ സംഭവങ്ങൾ സൂചിപ്പിക്കുന്നു.
പ്രത്യേകാൽ KSRTC ജീവനക്കാരനായ ഷെഫീഖ് ഇബ്രാഹിം ഇക്ക , പ്രസ്തുത സർവ്വീസിലെ ഡ്രൈവർ കം കണ്ടക്ടർ ബിനു K ജോൺ സർ എന്നിവരോടും.
എനിക്ക് എല്ലാ സഹായവും ചെയ്തു തന്ന പ്രിയപ്പെട്ടവരായ Sreeraj P R , Aneesh Pookoth ,Kishor Nair , Maneesh Paruthiyil Antony എന്നിവരോടും ലസിതയുടെയും എന്റെയും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഈ അവസരത്തിൽ അറിയിക്കുന്നു.
നിങ്ങളെപ്പോലെയുള്ള സത്യസന്ധരായ ജീവനക്കാരും, പ്രസ്ഥാനത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന നിരവധി യാത്രക്കാരും പ്രത്യേകിച്ച് ആനവണ്ടി ഫാൻസ് ഗ്രൂപ്പുകളും ഒക്കെത്തന്നെയാണ് സർക്കാരുകൾക്കു പോലും വേണ്ടാത്ത KSRTC എന്ന പ്രസ്ഥാനത്തിൻ്റെ മുൻപോട്ടുള്ള യാത്രയുടെ ഇന്ധനം…..
എല്ലാ പേർക്കും ഹൃദയംഗമായ നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നുന്നു…
കൊവിഡ് കാലത്തിനു ശേഷം സുഖകരവും സുരക്ഷിതവുമായ ആനവണ്ടി യാത്രകൾക്കായി കാത്തിരിക്കുന്നു…..
ചിഞ്ചു സഹ്യൻ യദു