കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകയ്ക്കെതിരേ പോലീസ് അന്വേഷണം.
ലക്ഷദ്വീപ് സ്വദേശിനിയായ ഫസീല ഇബ്രാഹിമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഭരണ പരിഷ്കാരങ്ങൾക്കെതിരെ മാധ്യമങ്ങളില്‍ സംസാരിച്ചതിന് തനിക്കെതിരേ പോലീസ് അന്വേഷണം നടത്തുന്നത് വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്.
മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതിനാല്‍ തനിക്കെതിരേ അന്വേഷണത്തിന് ഉത്തരവുണ്ടെന്ന് പറഞ്ഞാണ് പോലീസ് പിതാവിനെ വിളിച്ചതെന്ന് ഫസീല പറയുന്നു.
ലക്ഷദ്വീപിലെ മിനിക്കോയ് സിഐ അക്ബര്‍ ഇവരുടെ കുടുംബത്തെ ബന്ധപ്പെട്ടതെന്നാണ് ഫസീല വ്യക്തമാക്കിയത്. ആദ്യം പിതാവിനെ വിളിച്ച് തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞു.
പിന്നാലെ തന്നെ നേരിട്ട് വിളിച്ച ഉദ്യോഗസ്ഥന് ഏതൊക്കെ മാധ്യമങ്ങളിലാണ് സംസാരിച്ചതെന്നും എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്നും ചോദിച്ചറിഞ്ഞു.
ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞതായും ഫസീല വെളിപ്പെടുത്തിയിരുന്നു.
വെളിപ്പെടുത്തൽ വിവാദമായതിന് പിന്നാലെ ഫസീല ഇബ്രാഹീമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മിനിക്കോയ് സിഐ വ്യക്തമാക്കി.
പരിചയപ്പെടാൻ മാത്രമാണ് ഫസീലയെ വിളിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. മിനിക്കോയ് സ്വദേശിനിയാണോയെന്ന് അറിയില്ലായിരുന്നു. അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നും സിഐ വ്യക്തമാക്കി.