ജറൂസലെം: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ.
മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിനു മുന്നോടിയായാണ് ഇസ്രയേലിന്റെ നടപടി. ലഷ്കർ ഭീകരർ 2008 നവംബർ 26നു മുംബൈയിൽ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ആറു പേർ യഹൂദരാണ്.
ഇന്ത്യയിൽനിന്നു പ്രത്യേക അഭ്യർഥനയില്ലെങ്കിലും ലഷ്കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി അറിയിച്ചു.
നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ ലഷ്കർ-ഇ-തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണെന്ന് എംബസി പ്രസ്താവനയിൽ പറയുന്നു.
2013 മുതൽ ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഇസ്രേലി വിദേശകാര്യ മന്ത്രാലയം വക്താവ് ലിയോർ ഹായിയാത് പറഞ്ഞു. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1400 പേരാണു കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കി. ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ ആക്രമണത്തിനു സമാനമാണു ഹമാസ് ഇസ്രയേലിൽ നടത്തിയത്.