അമ്മയുടെ കണ്ണീരിനു മുന്നില്‍ ആ മകനു പിടിച്ചുനില്‍ക്കാനായില്ല. കണ്ണീരിനു മുന്നില്‍ തോക്കു വഴുതിപ്പോയപ്പോള്‍ സൈന്യത്തിനു മുന്നില്‍ ആ മകന് കീഴടങ്ങി. ജമ്മു കഷ്മീരിലാണു സംഭവം. സോപോറിലെ ഇവിടെ ഒരു വീട്ടില്‍ ഭീകരരുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം വീടു വളഞ്ഞു. വീടിനകത്തുള്ളത് ഉമഖ് ഖാലിദ് മിര്‍ (26) എന്ന യുവാവായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ സൈന്യം സെ്ന്റിമെന്റല് മൂവ് നടത്തി. അടുത്ത ഗ്രാമത്തിലെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ ഇയാളുടെ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിച്ചു. ഉടന്‍ തന്നെ ഉമഖിന്റെ മാതാവ് സൈനികര്‍ക്കൊപ്പം പുറപ്പെട്ടു. മറ്റൊരിടത്തായിരുന്ന പിതാവിനെയും സ്ഥലത്തെത്തിച്ചു.
മകനെ ജീവനോടെ പിടികൂടാന്‍ മാതാപിതാക്കളുടെ സഹായം തേടാനുള്ള സേനയുടെ തീരുമാനം വിജയം കാണുകയായിരുന്നു. വീടിനകത്തെത്തിയ അമ്മ മകനോട് മണിക്കൂറുകളോളം സംസാരിച്ചു. ആദ്യമൊന്നും അനുസരിക്കാതിരുന്ന മകന് അമ്മയുടെ കണ്ണീര് കണ്ടതോടെ ആയുധം താഴെ വയ്ക്കാന്‍ സമ്മതിച്ചു. കീഴടങ്ങിയ യുവാവിനെ സൈന്യം പിന്നീടു പോലീസിനു കൈമാറി. എ.കെ47 തോക്കും റേഡിയോ സെറ്റും മൂന്നുവീതം വെടിക്കോപ്പും ഗ്രനേഡും സഹിതം ലഷ്കറെ തോയ്ബ അംഗമായ ഉമഖിന്റെ കൈയ്യില്‍നിന്ന് പിടികൂടി.
സംഭവം ലോകമാധ്യമങ്ങളിലും വന്നതോടെ ആ അമ്മയ്ക്കു പ്രശംസകള്‍ ഒഴുകിയെത്തുകയാണ്. ഇനിയൊരിക്കലും തന്റെ മകനെ തീവ്രവാദത്തിലേക്ക് എറിഞ്ഞുകൊടുക്കില്ലെന്ന് അമ്മ പറയുന്നു. കാഷ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഖ്തിയും അഭിനന്ദനവുമായി എത്തി. ഈ യുവാക്കളെ നമ്മള് ചേര്‍ത്തുപിടിക്കുകയാണു വേണ്ടത്. ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനു പകരം അവരെ അവരുടെ വീടുകളിലേക്കു തിരികെയെത്തിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാഷ്മീരില്‍ ഇന്ത്യ വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവാക്കളിലേറെയും സ്വസ്ഥമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നത്.