എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത് പഴകിയ തൈരും പുഴുക്കള്‍ വളരുന്ന ലസ്സി പാത്രങ്ങളും പട്ടികാഷ്ഠവും. എറണാകുളം നഗരത്തില്‍ മുഴുവന്‍ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ് നടന്നത്. ചുരുങ്ങിയ കാലഘട്ടത്തില്‍ നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും ലസ്സി കടകള്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ട സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ലസ്സി ഗോഡൗണില്‍ റെയ്ഡ് നടന്നത്.
കൃത്രിമമായി തൈര് ഉണ്ടാക്കുന്ന പൊടികളും പുഴു വളരുന്ന ലസ്സി പാത്രങ്ങളും പട്ടി കാഷ്ഠവുമെല്ലാം കണ്ടെത്തിയതിനെ തുടര്‍ന്ന് ചരക്ക് സേവന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനെയും ഹെല്‍ത്ത് ഡിപ്പാര്‍മെന്റിനെയും വിവരം അറിയിക്കുകയായിരുന്നു. ഫുഡ് സേഫ്റ്റി വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഡിപ്പാര്‍മെന്റ് പ്രതികരിച്ചു.
ലസ്സികടകള്‍ക്ക് വന്‍ വിറ്റുവരവ് ഉണ്ടെങ്കിലും അവയൊന്നും രജിസ്‌ട്രേഷന്‍ നടത്തുകയോ നികുതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നികുതി വകുപ്പ് അന്വേഷണം നടത്തിയത്. എന്നാല്‍ ലസ്സികള്‍ എവിടെയാണ് നിര്‍മ്മിക്കുന്നതെന്ന അന്വേഷണമെത്തിയത് പഴകിയ തൈരുപയോഗിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലും.