തിരുവനന്തപുരം: സ്വപ്നയ്ക്കെതിരായ ഭീഷണിക്കു പിന്നിൽ സർക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളും കൂട്ടിവായിച്ചാൽ സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആരാണു റിവേഴ്സ് ഹവാലയിലെ ഉന്നതനെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണു ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയെന്നു ജനങ്ങൾ അറിയണം.
ഞെട്ടിക്കുന്ന വസ്തുതയാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ സീൽ വച്ച കവറിലെ കാര്യങ്ങൾ വായിച്ചാൽ ജനങ്ങൾ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമാണ്. രവീന്ദ്രനെ എയിംസിലെ ഡോക്ടർമാർ പരിശോധിക്കണം.
നോട്ടീസ് നൽകുന്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ പോകുകയാണ്. രവീന്ദ്രനു സുരക്ഷിതത്വം ഏർപ്പെടുത്തണം. അദ്ദേഹത്തിനു ജീവനു ഭീഷണിയുണ്ടെന്ന വാർത്തകൾപോലും പുറത്തുവരുന്നുണ്ടെന്നു ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. സിപിഎമ്മിന്റെ നില പരുങ്ങലിലായതു കൊണ്ടാണ് അവർ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.