മാന്നാനത്ത് കൊല്ലപ്പെട്ട കെവിനും ഭാര്യ നീനുവും തലേദിവസം നടന്ന വഴികളിലൂടെ-ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് കെവിനും നീനുവും എത്തിയത്.
പ്രണയത്തിലായ ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനു സഹായിക്കണമെന്നും അറിയിച്ചപ്പോള്‍, ബന്ധപ്പെട്ട നിയമകാര്യങ്ങള്‍ അഭിഭാഷകര്‍ വ്യക്തമാക്കി. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ജെസിമോള്‍ കൗണ്‍സലിംഗില്‍ നീനുവിനെ ബോധ്യപ്പെടുത്തിയപ്പോഴും നീനു നിലപാടില്‍ ഉറച്ചുനിന്നു. തെന്മലയിലെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ബന്ധുക്കളുടെ നിലപാടുകളും നീനു അഭിഭാഷകയെ ധരിപ്പിക്കുകയും ചെയ്തു.
സഹോദരിയുടെ വിവാഹത്തിനുശേഷം മതി നീനുവുമായുള്ള വിവാഹമെന്നായിരുന്നു തന്റെ തീരുമാനമെന്ന് കെവിന് അഭിഭാഷകരോടു പറഞ്ഞു. എന്നാല്‍, ഇരുവരുടെയും അടുപ്പം അറിഞ്ഞതോടെ നീനുവിന്റെ വിവാഹം പെട്ടന്നു നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവൃത്തിയില്ലാതെ രജിസ്റ്റര്‍ ചെയ്യാന്‍ വന്നതാണെന്നും ഇതിനു സഹായിക്കണമെന്നും കെവിന് പറഞ്ഞു.
തുടര്‍ന്നു കെവിനും നീനുവും ഓണ്‍ലൈന്‍ വിവാഹ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ നല്കിയാലും ഓണ്‍ലൈന്‍ രേഖകളുടെ അസല്‍ പകര്‍പ്പുകള്‍ സബ് രജിസ്ട്രാര്‍ക്കു മുന്നിലെത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണമെന്നാണ് ചട്ടം. കെവിന് നട്ടാശേരിയില്‍ സ്ഥിരതാമസക്കാരനായതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഇരുവരെയും കോട്ടയം രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ചു. കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ആരും അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ തയാറായില്ല.
ഇരുവരും മടങ്ങിയെങ്കിലും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നതായുള്ള കരാറില്‍ നോട്ടറിയുടെ ഒപ്പ് ഇവര്‍ വാങ്ങിയിരുന്നു. അന്നു വൈകുന്നേരം നീനുവിനെ അമലഗിരിയിലെ ലേഡീസ് ഹോസ്റ്റലിലാക്കി കെവിന് മാന്നാനത്തുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖയില്‍ ഗസറ്റഡ് റാങ്കിലുള്ളയാളിന്റെ ഒപ്പു കിട്ടിയതായും തിങ്കളാഴ്ച രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമെന്നും കെവിന് ശനിയാഴ്ച വക്കീല്‍ ഓഫീസില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് കെവിനെ തട്ടിക്കൊണ്ടുപോയത്.
ഇത്തരത്തിലുള്ള രേഖ സമര്‍പ്പിച്ചാല്‍ മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്ത നടപടിയുടെ പ്രഥമഘട്ടം പൂര്‍ത്തിയാകൂ. ഇതനുസരിച്ചുള്ള നോട്ടീസ് ഒരു മാസത്തേക്ക് സബ് രജിസ്ട്രാര്‍ ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഒരുമാസത്തിനുശേഷം വധൂവരന്മാര് വീണ്ടും എത്തി സബ് രജിസ്ട്രാറുടെയും സാക്ഷികളുടെയും സാന്നിധ്യത്തില്‍ രേഖകളില്‍ ഒപ്പിട്ടാല്‍ മാത്രമേ വിവാഹം സാധുവാകൂ. കെവിനും നീനുവും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുക മാത്രമേ ചെയ്തുള്ളൂ. അസല്‍ രേഖകള്‍ സമര്‍പ്പിക്കുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷ ഇനിയും സ്വീകരിച്ചിട്ടില്ല.