കോഴിക്കോട്: കമ്പനി,ബോര്‍ഡ്, കോര്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷയുടെ ലിസ്റ്റ് വൈകിപ്പിക്കുന്നതായി ആക്ഷേപം. 2017 -മെയ് അവസാനവാരമാണ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2017 ഒക്ടോബറില്‍ രണ്ട് ഘട്ടമായി പരീക്ഷ നടത്തി ( കാറ്റഗറി-നമ്പര്‍ 113/2017). എന്നാല്‍ എഴുത്തു പരീക്ഷ കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞിട്ടും മുന്‍ റാങ്ക് പട്ടികയുടെ കാലാവധി ഒന്നര വര്‍ഷം കഴിഞ്ഞിട്ട് പോലും ഷോര്‍ട് ലിസ്റ്റ് പ്രസിദ്ധികരിക്കാന്‍ പിഎസ്സി തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
ഇതിനെതിരെ ചെയര്മാന് അടക്കം ഉദ്യോഗാര്‍ഥികള്‍ പല നിവേദനങ്ങളും പരാതികളും കൊടുത്തിട്ടും അവഗണിക്കുകയാണെന്നു ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വിവിധ കമ്പനി, ബോര്‍ഡ്, കോര്പറേഷന് നാനൂറില്‍ പരം ഒഴിവുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റാങ്ക്ലിസ്റ്റ് നിലവില്‍ ഇല്ലാത്തതിനാല്‍ ആണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് എന്നാണു വിവരവകാശം വഴി വിവിധ കമ്പനി ബോര്‍ഡ് കോര്‍പറേഷനില്‍നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് കിട്ടിയ മറുപടി. ഇതിനു മുന്‍പുള്ള ലിസ്റ്റില്‍ നിന്നും 2,589 പേരെ അഡൈ്വസ് ചെയ്തിരുന്നു.