മൊസൂള്‍: ഐഎസ് ചാവേറായി പൊട്ടിത്തെറിച്ച 15കാരന് തന്റെ അവസാന കത്തില്‍ കുറിച്ച വാചകങ്ങള്‍ കേട്ട് ലോകം നടുങ്ങുകയാണ്. മരണശേഷം സ്വര്‍ഗത്തിലെത്തിയ ശേഷം താന്‍ 72 കന്യകമാരെ വിവാഹം കഴിക്കുമെന്നാണ് അല അബ്ദ് അല്‍ അക്കീദ് എന്ന കൗമാരക്കാരന് മൊസൂളില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്കു വേണ്ടി എഴുതിവച്ച അവസാന കത്തില്‍ പറയുന്നത്. തന്നെ വിവാഹം കഴിച്ചയയ്ക്കണമെന്നു പറഞ്ഞിട്ട് വീട്ടുകാര്‍ കേട്ടില്ലെന്നും ഇനി താന്‍ സ്വര്‍ഗത്തില്‍ കന്യകമാര്‍ക്കൊപ്പം കഴിയുമെന്നും റോയിട്ടേഴ്സ് പുറത്തു വിട്ട കത്തില്‍ പറയുന്നു.
ഇറാഖി സൈന്യത്തിനെതിരേ ചാവേറാകാനായിരുന്നു അക്കീദിന്റെ നിയോഗം. മൊസൂളിലെ ഐഎസ് പരിശീലനക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ അനേകം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് കത്ത് കണ്ടെടുക്കുന്നത്. തനിക്ക് മാപ്പു നല്‍കണമെന്നും തന്നെയോര്‍ത്ത് ദുഖിക്കുകയോ കറുത്ത വസ്ത്രം ധരിക്കുകയോ ചെയ്യരുതെന്നും കത്തില്‍ പറയുന്നു. ഐഎസ് പരിശീലന കേന്ദ്രത്തിന്റെ ഇടനാഴികളിലൊന്നില്‍ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്. മറ്റു ചാവേറുകളുടെ കത്തുകളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടരവര്ഷങ്ങള്ക്കിടയില് ഐഎസ് റിക്രൂട്ട് ചെയ്ത ഒരു ഡസന്‍ തീവ്രവാദികളിലൊരാളായിരുന്നു അക്കീദ്. ഏകദേശം 50 റിക്രൂട്ട്മെന്റുകള്‍ നടത്തിയതിന്റെ രേഖകളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. കൗമാരക്കാരായ ഒരു ഡസന്‍ ആളുകളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനായി ഐഎസ് ലൈംഗിക അടിമകളെ ഉപയോഗിക്കുന്നതിന്റെ ബാക്കിപത്രമാവാം ഈ കൗമാരക്കാരന്റെ വാക്കുകള്‍ എന്നേ കരുതാനാവൂ…