ടെക്‌സാസ്: ബ്ലോക് ബസ്റ്റര്‍ ചലച്ചിത്രമെന്നും ബ്ലോക്ബസ്റ്റര്‍ സിനിമയെന്നും കേട്ടിട്ടുള്ള ഭൂരിപക്ഷ മലയാളികള്‍ക്കും എന്താണ് ഈ ബ്ലോക്ബസ്റ്റര്‍ എന്ന് വലിയ ധാരണയൊന്നുമുണ്ടാവില്ല. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കി ജീവിതം കരുപിടിപ്പിക്കുവാന്‍ സഹായിച്ച വീഡിയോ കാസെറ്റ് കമ്പനിയാണ് ‘ ബ്ലോക് ബസ്റ്റര്‍’ അന്ന് കമ്പനി സൂപ്പര്‍ഹിറ്റായിരുന്നു. അതേത്തുടര്‍ന്നാണ് സിനിമകള്‍ക്ക് ബ്ലോക് ബസ്റ്റര്‍ ചേര്‍ത്ത് പറയാന്‍ തുടങ്ങിയത്. മികച്ച സിനിമ, സൂപ്പര്‍ഹിറ്റ് സിനിമ എന്ന അര്‍ഥത്തിലാണ് ഇന്ന് ബ്ലോക്ബസ്റ്റര്‍ പ്രയോഗിക്കുന്നത്.
എന്നാല്‍ ഒരു കാലത്ത് പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ ബ്ലോക്ബസ്റ്ററിന്റെ ടെക്‌സാസിലെ അവസാന സ്‌റ്റോറും അടച്ചു പൂട്ടുകയാണെന്ന ദുഖകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.1990ല്‍ സ്ഥാപിച്ച എഡിന്‍ബര്‍ഗിലെ ബ്ലോക്ക് ബസ്റ്റര്‍ കൂടി അടച്ചുപൂട്ടുന്നതോടെ ലോണ്‍ സ്റ്റാര്‍ സംസ്ഥാനമായ ടെക്‌സാസില്‍ ഇനി ഈ സ്ഥാപനം വെറും ഓര്‍മ്മയായി ശേഷിക്കും.വീഡിയൊ കാസറ്റ്, സി.ഡി തുടങ്ങിയവയുടെ കാലം കഴിഞ്ഞു ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചതോടെ ബ്ലോക്ക് ബസ്റ്റര്‍ സ്‌റ്റോറുകളുടെ പ്രസക്തി നഷ്ടപ്പെടുകയായിരുന്നു.8000 സ്‌റ്റോറുകളോടെ 60,000 തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗ്ഗമായിരുന്ന ഈ സ്ഥാപനം അമേരിക്ക ആസ്ഥാനമായി 1985ലാണ് സ്ഥാപിതമായത്. ഹോംവിഡിയൊ (ഡി.വി.ഡി, വി.എച്ച്.എസ്) റെന്റല്‍ സര്‍വ്വീസായിരുന്നു പ്രധാന ലക്ഷ്യം.
2010ല്‍ കടബാധ്യതമൂലം കാനഡയിലേയും, അമേരിക്കയിലേയും സ്‌റ്റോറുകളില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2011ല്‍ 234 മില്ല്യണ്‍ ഡോളറിന് ഡിഷ് നെറ്റ്‌വര്‍ക്ക് ഇതേറ്റെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മുന്നൂറു ലൊക്കേഷനുകളിലുള്ള സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയതോടെ 2800 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അമേരിക്കയില്‍ അലാസ്‌ക്കയില്‍ (6) ഒറിഗണ്‍ (2) സ്‌റ്റോറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബ്ലോക്ക്ബസ്റ്ററിലെത്തി ജീവിതം കരുപ്പിടിപ്പിച്ച നിരവധി മലയാളികളെ ദുഖിതരാക്കുന്നതാണ് ഈ അടച്ചുപൂട്ടല്‍ വാര്‍ത്ത.