കോട്ടയത്ത് വിദ്യര്‍ഥിനിയെ ചുട്ടുകൊന്ന സംഭവത്തില്‍ ആദര്‍ശിന്റെ മരണമൊഴി പുറത്ത്. എസ്എംഇ കോളജിലെ വിദ്യാര്‍ഥിനിയായ ലക്ഷ്മിയെ ചുട്ടുകൊന്നശേഷം കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ആദര്‍ശ് ആത്മഹത്യ ചെയ്യുകയായിരുന്നു. പെട്രോള്‍ ഒഴിച്ചതോടെ ഓടിയ ലക്ഷ്മിയെ പിടിച്ചുനിര്‍ത്തിയ ശേഷം തീ കൊളുത്തിയതാണെന്ന് ആദര്‍ശ് മരണമൊഴിയില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ മൊഴിയിലാണ് ആദര്‍ശ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”ലക്ഷ്മിയുടെ മനസില്‍ എനിക്ക് സ്ഥാനമുണ്ടോയെന്നറിയാനാണ് ആദ്യം ക്ലാസിലെത്തിയത്. പക്ഷെ മറ്റുള്ളവരുടെ മുമ്പില്‍വച്ച് പറയാവുന്നതു പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് എന്നെ അപമാനിച്ചു”.മറ്റുള്ളവരുടെ മുന്നില്‍ വച്ച് താന്‍ അപമാനിതനായതിനാല്‍ നേരത്തെ വാങ്ങിവെച്ച പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു വെന്ന് ആദര്‍ശ് ഡോക്ടര്‍മാര്‍ക്ക് മരണ മൊഴി നല്‍കി. ഒരിക്കല്‍ തന്നോട് ഇഷ്ടമുണ്ടായിരുന്ന ലക്ഷ്മി പിന്നീട് തന്നെ ഒഴിവാക്കുകയും താന്‍ ശല്യം ചെയ്യുന്നതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയും വൈരാഗ്യവും ലക്ഷ്മിയെ കൊല്ലണമെന്ന ചിന്ത തന്നിലുണ്ടാക്കിയെന്നും ആദര്‍ശ് പറഞ്ഞു.
2009ല്‍ ഇതേ കോളജില്‍ ഫിസിയോതെറാപ്പി കോഴ്‌സ് പഠിച്ച ആദര്‍ശ് ചില വിഷയങ്ങള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിലായി ഇവിടെ നടക്കുന്നുണ്ടായിരുന്നു. പരീക്ഷ എഴുതാനാണ് ആദര്‍ശ് കോളേജില്‍ എത്തിയത്. അത് ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ പ്രണയ വഞ്ചന കൊണ്ടാണ് മകളെ തീ കൊളുത്തിയതെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്ന് കൊലചെയ്യപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മ ഉഷാറാണി പറയുന്നു.
മകളുടെ മരണത്തിന്റെ ഞെട്ടലില്‍ കഴിയുന്ന ഉഷാറാണി, ശ്രീലക്ഷ്മി ആദര്‍ശിനെ വഞ്ചിച്ചുവെന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനാലാണ് പ്രതികരിച്ചത്. നിരന്തരം പരാതി പറഞ്ഞിട്ടും വേണ്ട സുരക്ഷ ഒരുക്കാത്ത കോളേജ് അധികാരികള്‍ക്കെതിരേ ബന്ധുക്കള്‍ രോഷം പകടിപ്പിച്ചിരുന്നു.