ഷോര്‍ട്ട്സോ ലൂസ് പാന്റ്സോ ഒക്കെ ധരിച്ച്, നല്ല മെയ്വഴക്കവും ആരോഗ്യവുമുള്ള ആളുകളെ മാത്രമേ, കായിക മത്സരങ്ങളില്‍ കണ്ടിട്ടുള്ളു. എന്നാല്‍, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി കോട്ടണ്‍ സാരി മടക്കി കുത്തി, നഗ്നപാദയായി മാരത്തണില്‍ പങ്കെടുത്ത ഒരു അറുപതുകാരി വാര്‍ത്തകളില്‍ താരമാവുകയുണ്ടായി. മഹാരാഷ്ട്രയിലെ ബരാമതി സ്വദേശിയായ ഈ സ്ത്രീ നാട്ടിലെ പ്രധാന കായിക മത്സരങ്ങളിലെല്ലാം പങ്കെടുക്കുന്ന വ്യക്തിയാണ്. എല്ലാവര്‍ഷവും പൂനയില്‍ നടത്തിവരുന്ന മുതിര്‍ന്ന പൗരന്മാര്ക്കായുള്ള മാരത്തണില്‍ മൂന്ന് വര്‍ഷം വിജയിയായത് ലതാ ഭഗ്വാന് കരെയാണ്. ഓടാനുള്ള ഇഷ്ടംകൊണ്ടോ പ്രശസ്തിയ്ക്കുവേണ്ടിയോ അല്ല ലത ഓടുന്നത്.
മറിച്ച് ഏതൊരു പട്ടിണിപാവത്തെയും പോലെ കാശിനുവേണ്ടിയാണ്. ലതയുടെ ഭര്‍ത്താവ് തുച്ഛമായ വേതനം വാങ്ങുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡാണ്. മകനാണെങ്കില്‍ സ്ഥിരവരുമാനമുള്ള ഒരു ജോലുയുമില്ല. മത്സരം ജയിച്ചാല്‍ അത്യാവശ്യങ്ങള്‍ നടത്താനുള്ള പണം കിട്ടുമല്ലോ എന്ന കാരണത്താലാണ് ഈ അറുപതാം വയസില്‍ ഇവര്‍ കായിക മത്സരങ്ങള്‍ക്കെത്തുന്നത്. പണത്തിനുവേണ്ടിയാണ് താന്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതെന്ന് തുറന്ന് സമ്മതിക്കുന്ന ലത, കഴിഞ്ഞ തവണ താന്‍ വിജയിയായപ്പോള്‍ ലഭിച്ച തുക കൊണ്ട് ഹൃദ്രോഗിയായ ഭര്‍ത്താവിന് ആവശ്യമായിരുന്ന മരുന്നുകള്‍ വാങ്ങുകയാണ് ചെയ്തതെന്നും പറഞ്ഞു. പൊതുവേ മാരത്തണ്‍ ഓട്ടമത്സരങ്ങള്‍ക്ക് ലഭിക്കുന്ന തുക വച്ചുനോക്കുമ്പോള്‍ 5000 എന്നത് വളരെ ചെറിയ തുകയാണെങ്കിലും തന്നെ സംബന്ധിച്ച് അത് വളരെ വലുതാണെന്നാണ് ലത പറയുന്നത്.
ഭര്‍ത്താവിന് അസുഖം ഗുരുതരമായിരുന്ന അവസരത്തിലാണ് ആ തുക ലഭിച്ചത്. മരുന്ന് കൃത്യമായി ലഭിച്ചതോടെ കുറവുണ്ടാവുകയും ചെയ്തു. ഇനിയും ചികിത്സയും മരുന്നുകളും ആവശ്യമാണ്. 2013 ലാണ് ആദ്യത്തെ മാരത്തണ്‍ ലത ഓടിയത്. തന്റെ ഓട്ടത്തെക്കുറിച്ച് ലത പറയുന്നതിങ്ങനെ..’ദിവസവും പ്രഭാത നടത്തത്തിന് പോവാറുണ്ട്. എന്നാല്‍ ഇതുവരെയും ഓടിയിട്ടില്ല. ഓടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ കളിയാക്കി ഓരോന്ന് ചോദിക്കുന്ന കാരണം അതു നിര്‍ത്തി. ഇത്രയും പ്രശസ്തമായ, ഇത്രയും കാഴ്ചക്കാരുള്ള മാരത്തണില്‍ സാരിയുടുത്ത് നഗ്നപാദയായി ഓടാന്‍ ആദ്യമൊക്കെ ബുദ്ധിമുട്ടും നാണവും തോന്നിയിരുന്നു. എന്നാല്‍ പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്ത് ഓടിത്തുടങ്ങി’. ചെരുപ്പ് ധരിച്ചാല്‍ ഓടുന്നതിനിടയില്‍ വീഴുമോ എന്ന ഭയം കാരണമാണ് നഗ്നപാദയായി ഓടുന്നതെന്നും ലത പറയുന്നു.